പേരാമ്പ്ര : അയല്‍വാസികള്‍ തമ്മിലുള്ള അയിര്ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് കയ്യേറ്റത്തിനിരയായി പരാതിക്കാരിയായ ഭാര്യയുടെ കൂടെ പോലീസ് സ്റ്റേഷനിലെത്തിയ യുവാവ് കുഴഞ്ഞു വീണു. നൊച്ചാട് പഞ്ചായത്തിലെ രാവറ്റമംഗലം മാരാത്ത് മീത്തല്‍ ഗിരീഷ് (42) ആണ് പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ ഇന്നലെ കുഴഞ്ഞ് വീണത്. ഉടന്‍ പോലീസ് വാഹനത്തില്‍ ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
ഇയാളുടെ ഭാര്യ വിനി അയല്‍വാസിയുടെ മര്‍ദനത്തെ തുടര്‍ന്ന് കല്ലോട് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രശ്നം പറഞ്ഞു തീര്‍ക്കണമെന്ന് പറഞ്ഞ് ഗിരീഷിനെയും ഭാര്യയേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചെന്നും അവിടെ എത്തിയ തന്നോട് സബ് ഇന്‍സ്പെക്ടര്‍ പക്ഷപാതപരമായി പെരുമാറുകയായിരുന്നെന്ന് ഗിരീഷ് ആരോപിച്ചു.
കഴിഞ്ഞ ഒരു വര്‍ഷംമുമ്പ് ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും തുടര്‍ന്ന് ഔഷധങ്ങളുടെ സഹായത്താല്‍ ജീവന് നിലനിര്‍ത്തി പോരുകയും ചെയ്യുന്ന വ്യക്തിയാണ് താനെന്ന് പറഞ്ഞിട്ടും സബ് ഇന്‍സ്പെക്ടര്‍ തങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തയാറാകാതെ കയര്‍ക്കുകയായിരുന്നെന്നും ഗിരീഷ് പറഞ്ഞു.
ഇതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുവഭപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. സംഭവത്തെക്കുറിച്ചു അന്വേഷണം വേണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.