നാദാപുരം: വീടെന്ന സ്വപ്നം പൂർത്തീകരിക്കാതെ ഗിരീശൻ മരണത്തിന് കീഴടങ്ങിയപ്പോൾ സ്വപ്നം പൂർത്തീകരിച്ച് നാട്ടുകാർ. വളയം കല്ലുനിരയിലെ പയ്യേരിക്കാവ് പുഴയില്‍ മുങ്ങി മരിച്ച വളയം കല്ലുനിരയിലെ കടവന്തണ്ണിക്കൽ ഗിരീശന്റെ (40) കുടുംബത്തിനാണ് നാട്ടുകാര്‍ കൈകോര്‍ത്ത് വീടൊരുക്കിയത്.
കഴിഞ്ഞ മാർച്ച് രണ്ടിനാണ് കല്ലുനിരയിലെ കടവം തണ്ണിക്കല്‍ ഗിരീശനെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടത്.മരം ലോഡിംഗ് തൊഴിലാളിയായ ഗിരീശന് വീടിന് സമീപത്തെ പുഴയില്‍ കുളിക്കാനായി പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ഗിരീശനെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അമ്മ മന്ദി, ഭാര്യ രജനി, മക്കളായ അമേഗ്, അമയ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ഏകാശ്രയമായിരുന്നു മരപ്പണിക്കാരനായ ഗിരീശന്റെ വേര്‍പാടോടെ കുടുംബത്തിന്റെ പ്രതീക്ഷകളെല്ലാം അസ്ഥാനത്താവുകയായിരുന്നു. വീട് നിര്‍മ്മാണത്തിനായി തറ കെട്ടിയെങ്കിലും സാമ്പത്തിക പ്രയാസങ്ങള്‍ നിമിത്തം പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. തറയില്‍ കെട്ടിയ ഓലമേഞ്ഞ ഒറ്റമുറി വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
മൂത്ത മകള്‍ അമയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്, മകൻ അമേഗ് ഒമ്പതിലും പഠിക്കുന്നു. ഇവരുടെ പഠനവും, ഉറക്കവും, ഭക്ഷണവും എല്ലാം ഈ ഒറ്റ മുറിയിലായിരുന്നു. ഭാര്യ രജനിയാകട്ടെ ഹൃദയ സംബന്ധമായ അസുഖം നിമിത്തം ശസ്ത്രക്രിയ കഴിഞ്ഞ് തുടര്‍ ചികിത്സയിലും.ഇതിനിടയിലാണ് മരണം ഗിരീശനെ തേടി വന്നത്.
ഇതോടെ ദുരിതക്കയത്തിലായകുടുംബത്തിന്റെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ജനപ്രതിനിധികള്‍ , രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ , വിവിധ ക്ലബ് ഭാരവാഹികള്‍ , പ്രദേശവാസികള്‍ എന്നിവര്‍ ചേർന്ന് കമ്മിറ്റി രൂപീകരിച്ച് വീട് നിർമ്മാണത്തിന് രംഗത്തിറങ്ങുകയായിരുന്നു. ജനുവരി ആറിനാണ് ഗൃഹപ്രവേശനം തീരുമാനിച്ചിരിക്കുന്നത്.