വടക്കാഞ്ചേരി: പട്ടാപകൽ മോഷ്ടാവിന്റെ വിളയാട്ടം വീട് അഗ്നിക്കിരയാക്കി. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി പറയുന്നു. കുന്നംകുളം റോഡിൽ കാഞ്ഞിരക്കോട് പാല ബസ് സ്റ്റോപ്പിനു മുൻവശം പുറവൂർ വീട്ടീൽ ഗിരിജാ വല്ലഭന്റെ വീടാണ് ഭാഗികമായി കത്തിനശിച്ചത്. പകൽ രണ്ടുമണിക്കുശേഷമാണ് സംഭവം നടന്നതെന്ന് കരുതുന്നു.
ബംഗളൂരുവിൽ മകളുടെ ചികിത്സയ്ക്കായി പോയിരിക്കുകയായിരുന്നു ഗിരിജാ വല്ലഭനും കുടുംബവും. പകൽ രണ്ടുമണിവരെ കാവൽക്കാരൻ വീട്ടിലുണ്ടായിരുന്നു. ഇയാൾ പുറത്തുപോയതിന് ശേഷമാണ് കവർച്ചാ ശ്രമം നടന്നതെന്നാണ് സൂചന.
വീടിന്റെ പിൻവാതിൽ കുത്തിതുറന്ന് അകത്തെ മുറികളിലുള്ള അലമാരകളിലെ വസ്ത്രങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. വീട്ടിൽ നിന്ന് ഒന്നും ലഭിക്കാതായ സാഹചര്യത്തിൽ കന്പ്യൂട്ടർ അടക്കം ഇരിക്കുന്ന മുറിയിൽ തീയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കന്പ്യൂട്ടർ, ടിവി, കട്ടിൽ അടക്കമുള്ള ഫർണീച്ചറുകളും കത്തി ചാന്പലായി. വടക്കാഞ്ചേരിചാവക്കാട് സംസ്ഥാന പാതയിൽ നിരവധി വാഹനങ്ങളും, തൊട്ടു തൊട്ട് വീടുകളുമുള്ള ഇവിടെ നടന്ന മോഷണശ്രമം സമീപവാസികളെ അന്പരപ്പുളവാക്കി. തീയാളി പടരുന്നത് കണ്ട പ്പോഴാണ് സമീപവാസികൾ വിവരമറിയുന്നത്.
വിടീന്റെ പുറകുവശം നെൽപാടവും, പുഴയോരവുമാണെന്നതിനാൽ ഇത് വഴിയാകും മോഷ്ടാവ് വന്നതെന്ന് കരുതുന്നതായി പോലിസ് പറഞ്ഞു.വടക്കാഞ്ചേരിയിൽ നിന്നെത്തിയ അഗ്നിശമന സേനാവിഭാഗം മുൻവശത്തെ ജനവാതിൽ തകർത്ത് തീയണച്ചതിന് ശേഷമാണ് പിൻവശത്തെ വാതിൽ കുത്തിതുറന്ന് കിടക്കുന്നതായി കണ്ടത്.
വടക്കാഞ്ചേരി എസ്ഐ കെ.സി.രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബാംഗ്ലൂരിലുള്ള ഗിരിജാ വല്ലഭൻ തിരികെയെത്തിയ ശേഷമേ യഥാർത്ഥ നഷ്ടം നിജപ്പെടുത്താൻ കഴിയൂവെന്ന് പോലിസ് പറഞ്ഞു.