ന്യൂഡൽഹി: പെരുമാറ്റച്ചട്ടം ലംഘിച്ചതിനു ബിജെപി സ്ഥാനാർഥി ഗിരിരാജ് സിംഗിനു തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. കഴിഞ്ഞ ഏപ്രിൽ 24 ന് നടത്തിയ വിവാദ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ടാണ് കമ്മീഷൻ നോട്ടീസ് അയച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് റാലിയിൽ മുസ്ലിം സമുദായത്തി നെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയെന്നാണ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. “വന്ദേമാതരം ചൊല്ലാത്തവരോടും മാതൃരാജ്യത്തെ ബഹുമാനി ക്കാത്തവരോടും ഈ രാജ്യം പൊറുക്കില്ല. സിമാരിയ ഘട്ടിൽ ജീവൻ വെടിഞ്ഞ എന്റെ പൂർവികർക്ക് ശ്മശാനം വേണ്ടിയിരുന്നില്ല. പക്ഷെ, നിങ്ങൾക്ക് മൂന്നു ചാൺ വേണ്ടിവരും’ എന്നൊക്കെയായിരുന്നു ഗിരിരാജ് പറഞ്ഞത്.
കേന്ദ്രമന്ത്രി കൂടിയായ ഗിരിരാജ് സിംഗ് ബിഹാറിലെ ബെഗുസരായി മണ്ഡലത്തിൽനിന്നാണ് ജനവിധിതേടുന്നത്. സിപിഐയുടെ കനയ്യകുമാർ, ആർജെഡിയുടെ തൻവീർ ഹസൻ എന്നിവരാണ് ഗിരിരാജിന്റെ എതിർസ്ഥാനാർഥികൾ.