പാറ്റ്ന: മുസ്ലിം വിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കാരണകാണിക്കൽ നോട്ടീസ് അയച്ചു.
നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഗിരിരാജ് സിംഗ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി പ്രഥമദൃഷ്ട്യാ മനസിലാക്കാം. തെരഞ്ഞെടുപ്പ് പ്രചരണത്തിന് മതത്തെ ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി നിർദേശമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു.
കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷൻ അമിത് ഷാ പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയിലാണ് ഗിരിരാജ് സിംഗ് വിവാദ പരാമർശം നടത്തിയത്. വന്ദേ മാതരം പറയാത്തവര്‍, മാതൃഭൂമിയെ ബഹുമാനിക്കാത്തവര്‍ – അവര്‍ക്ക് രാജ്യം ഒരിക്കലും മാപ്പ് നല്‍കില്ല.
തന്റെ പൂര്‍വികരുടെ സംസ്കാരം സിമരിയ ഘട്ടിലായിരുന്നു. അവര്‍ക്ക് ശവക്കുഴി വേണ്ടിയിരുന്നില്ല. എന്നാല്‍ നിങ്ങള്‍ക്ക് മണ്ണ് വേണം. പലരും ഇവിടെ വര്‍ഗീയത പ്രചരിപ്പിക്കാന്‍ നോക്കുന്നുണ്ട്. ബിഹാറില്‍ ഞങ്ങളത് അനുവദിക്കില്ലെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.
തനിക്ക് ‘വന്ദേ മാതരം’ പറയാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് ആര്‍ജെഡി സ്ഥാനാർഥി തന്‍വീര്‍ ഹസന് അടുത്തിടെ പറഞ്ഞിരുന്നു. ബിഹാറിലെ ബെഗുസരായിൽ ബിജെപി സ്ഥാനാർഥിയാണ് ഗിരിരാജ് സിംഗ്.
സിപിഐയിലെ കനയ്യ കുമാർ, ആർജെഡിയുടെ തന്‍വീര്‍ ഹസൻ എന്നിവരാണ് ഗിരിരാജ് സിംഗിന്റെ എതിരാളികൾ. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും വർഗീയ പരാമർശം നടത്തിയതിന് ഇദ്ദേഹത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽനിന്നും വിലക്കിയിരുന്നു.