ജോണി ചിറ്റിലപ്പിള്ളി
പുന്നംപറന്പ്: വയോധികയ്ക്കു വീടുവച്ചു നൽകാൻ നിർമാണ പ്രവൃത്തികൾ സ്വയം ഏറ്റെടുത്ത് പഞ്ചായത്ത് അംഗം മാതൃകയാകുന്നു. തെക്കുംകര പഞ്ചായത്തിലെ പറന്പായി വാർഡിൽ ഒറ്റയ്ക്കു താമസിക്കുന്ന വയോധികയായ മരാട്ടുപറന്പിൽ വീട്ടിൽ പത്മാവതിക്കാണു വാർഡ് മെന്പർ ടി.സി. ഗിരീഷിന്റെ സഹായത്തോടെ വീടൊരുങ്ങുന്നത്.
പഞ്ചായത്തിന്റെ “ആശ്രയ’ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നരലക്ഷം രൂപ മെന്പർ ഗിരീഷിന്റെ ഇടപ്പെടലിനെ തുടർന്നു ലഭിച്ചെങ്കിലും തുക മതിയാകില്ലെന്നു കണ്ട് നിർമാണപ്രവൃത്തികൾക്കു നേരിട്ടിറങ്ങുകയായിരുന്നു. 650 സ്ക്വയർ ഫീറ്റിന്റെ വീണാണ് നിർമിക്കുന്നത്. വാർഡിലെ വിദ്യാർഥികളെ ദിവസവും ഡ്രൈവർകൂടിയായ ഗിരീഷ് തന്റെ വാഹനത്തിൽ സ്കൂളിലെത്തിച്ചശേഷമാണു പത്മാവതിയുടെ വീടു പണിയാൻ സഹായിക്കുന്നത്. നാട്ടുകാരുടെ സഹകരണവും ലഭിക്കുന്നുണ്ട്.
വീടുവയ്ക്കാനുള്ള ഭൂമിക്കു യാതൊരു രേഖയും ഉണ്ടായിരുന്നില്ല.എന്നാൽ 2004ൽ പത്മാവതി ഉൾപ്പടെയുള്ള സമീപത്തെ24 പേർക്കു ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ജിജോ കുരിയന്റെയും ജോജോ കുര്യന്റെയും അന്നത്തെ വാർഡ് മെന്പർ ബോസ് ഉൾപ്പടെയുള്ളവരുടെയും ശ്രമഫലമായി പട്ടയം വാങ്ങിച്ചുനൽകുകയായിരുന്നു. തുടർന്നു 2017 ൽ പഞ്ചായത്തിലെ ആശ്രയ പദ്ധതിയിൽ ഉൾപ്പെടുത്തുകയായിരുന്നു. ലഭിച്ച മൂന്നരലക്ഷം രൂപയിൽ വീടിന്റെ നിർമാണം പൂർത്തിയാക്കുമെന്ന് ഗിരീഷ് പറഞ്ഞു.