കൽപ്പറ്റ: സുഗന്ധഗിരി രണ്ടാംയൂണിറ്റിലെ ഗിരീഷിന്റെയും കുടുംബത്തിന്റെയും അന്തിയുറങ്ങാനൊരിടമെന്ന സ്വപ്നത്തിന് മേൽ കരിനിഴൽ വീഴ്ത്തി കാലവർഷ ദുരിതം. 2014 ൽ നിർമ്മാണം ആരംഭിച്ച വീട് പിന്നീടുണ്ടായ മഴയിൽമൂന്നു തവണയാണ് തകർന്ന് വീണത്. ഓരോ തവണ ദുരന്തമുണ്ടാകുന്പോഴും ഇനിയുണ്ടാകല്ലേ എന്ന പ്രാർഥനയോടെ വീണ്ടും പണി ആരംഭിക്കും.
സ്വന്തമായി മറ്റൊരിടത്ത് ഒരു തുണ്ട് ഭൂമിയില്ലാത്ത തങ്ങൾക്ക് ഇതല്ലാതെ മറ്റു വഴികളില്ലെന്ന് ഇവർ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച പെയ്ത കനത്ത മഴയിൽ വീണ്ടും വീടിന് മുകളിലേക്ക് കല്ലും മണലും പതിക്കുകയായിരുന്നു. ഗിരീഷിന്റെ പിതാവ് ചിങ്ങന് സർക്കാരിൽ നിന്നും ലഭിച്ചതാണ് ഈ ഭൂമി.
ഗിരീഷും ഭാര്യയും കൂലിപ്പണിയെടുത്ത് കിട്ടുന്ന വരുമാനത്തിൽ നിന്നും മിച്ചം വെച്ചാണ് രണ്ടരലക്ഷം രൂപ ചെലവിൽ വീടിന്റെ നിർമാണം ആരംഭിച്ചത്. എന്നാൽ പ്രതീക്ഷകളെ കണ്ണീരിൽ കുതിർത്ത് ഇത്തവണയും വീടിന് മേൽ കല്ലും മണ്ണും പതിക്കുകയായിരുന്നു.
മേൽക്കൂര ഭാഗികമായി തകർന്നു. സുഗന്ധഗിരിയിലെ ആംഗണ്വാടിയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കഴിഞ്ഞത്. വീടിന് സമീപം താൽകാലികമായി കെട്ടിയുണ്ടാക്കിയ ഷെഡും മഴയിൽ ഏതു നിമിഷവും തകരുമെന്ന അവസ്ഥയിലാണ്. നേരത്തെ, വീട് തകർന്നപ്പോൾ അന്നത്തെ ജില്ലാ കളക്ടർ കേശവേന്ദ്രകുമാർ സ്ഥലം സന്ദർശിച്ചിരുന്നു.
സ്ഥലം വീട് വെക്കാൻ യോഗ്യമല്ലെന്നും അനുകൂല നടപടികൾ സ്വീകരിക്കാമെന്നും ഉറപ്പുനൽകിയിരുന്നു. എന്നാൽ തുടർനടപടികളൊന്നുമില്ലാതായതോടെയാണ് വീണ്ടും നിർമ്മാണമാരംഭിച്ചത്. ഇത്തവണയും വീട് തകർന്നതോടെ കയറിക്കിടക്കാനൊരിടമെന്നത് ഭാര്യയും എൽകെജിയിലും നാലാംക്ലാസിലും പഠിക്കുന്ന മക്കളുമടങ്ങുന്ന ഗിരീഷിന്റെ കുടുംബത്തിന് മുന്നിൽ ചോദ്യ ചിഹ്നമാവുകയാണ്.