വീട്ടില്‍ വരുന്ന അതിഥികള്‍ക്കും മറ്റ് പരിചയക്കാര്‍ക്കുമെല്ലാം ഉമ്മ കൊടുക്കാനും മറ്റും മാതാപിതാക്കള്‍ കൊച്ചുകുട്ടികളെ നിര്‍ബന്ധിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരാണ് മിക്ക മാതാപിതാക്കളും.
എന്നാല്‍ മിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ പറഞ്ഞും നിര്‍ബന്ധിച്ചും ചെയ്യിക്കുന്ന ഇക്കാര്യത്തിനെതിരേ പ്രചരണവുമായി എത്തിയിരിക്കുകയാണ് ന്യൂസിലന്റിലെ ഒരു സംഘടന. കുട്ടികളുടെ അവകാശങ്ങള്‍ നിയന്ത്രണവിധേയമാക്കുകയാണെന്ന വാദവുമായിട്ടാണ് ഇവര്‍ എത്തിയിരിക്കുന്നത്. വിദേശരാജ്യങ്ങളിലും മറ്റും ആഘോഷങ്ങളുടെ ഭാഗമായി വിടചൊല്ലുമ്പോള്‍ അതിഥികളെ ചുംബനം നല്‍കി യാത്രയയ്ക്കുന്ന പാരമ്പര്യമുണ്ട്. ചില കുട്ടികള്‍ ഇത് താത്പര്യപൂര്‍വ്വം ചെയ്യാറുണ്ടെങ്കിലും മറ്റു ചിലര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ തീരെ താത്പ്പര്യമില്ല.
‘ എനിക്ക് അഞ്ച് വയസുണ്ട്. എന്റെ ശരീരം എന്റേതാണ്. ചുംബിക്കാനും ആശ്ലേഷിക്കാനും എന്നെ നിര്‍ബന്ധിക്കരുത്. ഞാന്‍ എന്നെത്തന്നെ സൂക്ഷിക്കാന്‍ പഠിക്കുകയാണ്. ജീവിതകാലം മുഴുവന്‍ എനിക്ക് അത് തുടരണം. നിങ്ങളുടെ എല്ലാവരുടെയും പിന്തുണ എനിക്കതിനാവശ്യമാണ്.’ എന്ന ആശയമാണ് സംഘാടകര്‍ പ്രചരിപ്പിക്കുന്നത്. ഒരു കുട്ടിയുടെ ഫോട്ടോയും ബാനറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്വന്തം ശരീരത്തെയും അതിന്റെ പ്രത്യേകതകളെയും കുറിച്ച് കുട്ടികളില്‍, പ്രത്യേകിച്ച് പെണ്‍കുട്ടികളില്‍ അവബോധം ഉണ്ടാക്കുന്ന രീതിയിലുള്ള ക്യാംപയിനാണിത്. സ്വന്തം ശരീരത്തെ എങ്ങനെ സൂക്ഷിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. അതിന് സഹായകമാകുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കാന്‍ മാതാപിതാക്കളും ശ്രദ്ധിക്കണം എന്നാണ് ഇതിന്റെ വക്താക്കള്‍ വാദിക്കുന്നത്.
ന്യൂസിലന്റ് അടിസ്ഥാനമാക്കിയ ക്യാപ്‌സ് ഹൗറാകി ഏജന്‍സിയാണ് പ്രചരണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മൂന്നാഴ്ച മുമ്പ് സേഫ് കിഡ്‌സ് എന്ന പ്രചരണത്തിന് കീഴില്‍ ക്രിസ്മസ് അപ്പൂപ്പന്റെ മടിയില്‍ ഇരിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്ന രീതിയിലുള്ള പ്രചാരണം മൂന്ന് മാസം മുമ്പ് നടത്തിയിരുന്നു. കുട്ടികളെ എന്റെ മടിയില്‍ ഇരിക്കാന്‍ നിര്‍ബന്ധിക്കരുത് എന്ന രീതിയിലുള്ള പ്രചാരണമായിരുന്നു അന്ന് നടത്തിയിരുന്നത്.