പ്രഥമ വനിത മിഷേല്‍ തെരഞ്ഞെടുത്തത് ഈ പതിനാറുകാരയെ!തിരുനെല്‍വേലിക്കാരിയായ ശ്വേതയെക്കുറിച്ചറിയാം!

800x480_image62461976പ്രായവും ദേശവും ഒന്നിനും തടസമല്ലെന്ന് സ്വജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ശ്വേത പ്രഭാകരന്‍ എന്ന അമേരിക്കയിലെ ഇന്ത്യന്‍ വംശജ. വിര്‍ജീനിയയിലെ തോമസ് ജെഫേഴ്‌സണ്‍ ഹൈസ്‌കൂള്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ സീനിയര്‍ വിദ്യാര്‍ഥിനിയാണ് ശ്വേത.

അമേരിക്കയിലെ കൗമാരപ്രായക്കാര്‍ക്ക് വിദ്യാഭ്യാസത്തിന്  അവസരങ്ങളൊരുക്കുന്ന ‘ബെറ്റര്‍ മെയ്ക് റൂം’ പ്രചാരണ പരിപാടികള്‍ക്ക് ചുക്കാന്‍പിടിക്കുന്ന സ്റ്റുഡന്റ് അഡൈ്വസറി ബോര്‍ഡിനുവേണ്ടി അമേരിക്കയുടെ പ്രഥമവനിത മിഷേല്‍ ഒബാമ നേരിട്ട് തിരഞ്ഞെടുത്ത 17 പേരിലെ ഏക ഇന്ത്യന്‍ വംശജയാണ് ശ്വേത.

അമേരിക്കയെ ഉന്നതപഠനരംഗത്ത് വീണ്ടും മുന്നിലെത്തിക്കുക എന്ന ലക്ഷ്യം സഫലീകരിക്കാന്‍ ഈ മിടുക്കരായ കുട്ടികള്‍ക്ക് കഴിയുമെന്നാണ് ബെറ്റര്‍ മെയ്ക് റൂം പറയുന്നത്. മിഷേല്‍ ഒബാമ സ്ഥാപിച്ച ഈ ബോര്‍ഡ് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കോളേജ് വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്ത വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരമൊരു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് ശ്വേത പറയുന്നു.

കൂടെ തിരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ മറ്റു മിടുക്കരായ വിദ്യാര്‍ഥികളുമായി പ്രവര്‍ത്തിക്കുന്നതിനായി ആവേശത്തോടെ കാത്തിരിക്കുകയാണെന്നും തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയായ ഈ പെണ്‍കുട്ടി പറയുന്നു. ഇതാദ്യമായല്ല ശ്വേത പ്രതിഭതെളിയിക്കുന്നത്. ചെറുപ്പത്തിലേ ‘എവരിബഡി കോഡ് നൗ’ എന്ന സംഘടനയുടെ സ്ഥാപകയും സി.ഇ.ഒ.യുമാണ് ഈ കൊച്ചുമിടുക്കി.

അടുത്തതലമുറയില്‍നിന്ന് മികച്ച എന്‍ജിനീയര്‍മാരെയും ശാസ്ത്രജ്ഞരെയും സംരംഭകരെയും വാര്‍ത്തെടുക്കണമെന്ന ഉദ്ദേശ്യത്തോടെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘമാണിത്. സ്‌കൂളുകളിലും കോളേജുകളിലും ക്ലബ്ബുകളിലുമൊക്കെ നടത്താന്‍കഴിയുന്നതരത്തിലുള്ള കോഴ്‌സുകളും പരിപാടികളും ഇവര്‍ നടത്തുന്നു.

ഇതില്‍ മിഡില്‍സ്‌കൂള്‍ പെണ്‍കുട്ടികള്‍ക്കായി നടത്തുന്ന സി.എസ്. ചികാസ് ആണ് എടുത്തുപറയേണ്ടത്. സാങ്കേതിക വിദ്യാഭ്യാസരംഗത്ത് പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

ഹൈസ്‌കൂളിലെത്തുന്നതുവരെ കംപ്യൂട്ടര്‍ സയന്‍സുമായി ശ്വേതയ്ക്ക് യാതൊരു ബന്ധവുമില്ലായിരുന്നു.. ഒന്‍പതാം ഗ്രേഡില്‍ പഠിക്കുമ്പോള്‍ ഒരു ജാവ ക്ലാസില്‍ പങ്കെടുക്കുന്നതോടെയാണ് താത്പര്യങ്ങള്‍ മാറുന്നത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.

ഇതിനൊക്കെ പുറമേ സ്‌കൂളിലെ മാതൃകാ യു.എന്‍. സംഘാംഗം കൂടിയാണ് ശ്വേത. എട്ടുവര്‍ഷത്തിലധികമായി ഭരതനാട്യം അഭ്യസിക്കുന്നുമുണ്ട്. 2015ല്‍ വൈറ്റ് ഹൗസ് ചാംപ്യന്‍ ഓഫ് ചെയ്ഞ്ച് ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Related posts