മാതാ പിതാ ഗുരു ദൈവമെന്നാണ് പറയുന്നത്. എന്നാല്‍ വടക്കേ ഇന്ത്യയിലെ ഈ വിദ്യാലയത്തില്‍ നടന്ന സംഭവം ഈ ധാരണയെത്തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. ഗ്യാനോടി വിദ്യാമന്ദിര്‍ എന്ന് പേരായ സ്‌കൂളില്‍, സ്‌കൂള്‍ ഫീസായി 4000 രൂപ അടക്കാന്‍ വൈകി എന്ന് പറഞ്ഞു അധ്യാപിക ആറു വയസ്സുകാരി വിദ്യാര്‍ത്ഥിനിയുടെ തലമുടി പിഴുതെടുക്കുകയായിരുന്നു. തലയുടെ പിന്‍ഭാഗത്ത് നിന്നും കഷണ്ടി ബാധിച്ച പോലെ കുട്ടിക്ക് തലമുടി നഷ്ടപ്പെട്ടിട്ടുണ്ട്.
സംഭവ ദിവസം സ്‌കൂള്‍ വിട്ടു വന്ന കുട്ടി, വളരെ ഭയന്നിരുന്നു. ഇനി സ്‌കൂളിലേക്ക് പോകുന്നില്ല എന്ന് വാശിപിടിച്ച കുട്ടിയില്‍ നിന്നും അച്ഛന്‍ വിവരങ്ങള്‍ ചോദിച്ചു മനസിലാക്കുകയായിരുന്നു. അപ്പോഴാണ്, ഫീസ് ചോദിച്ച അധ്യാപിക, ഫീസ് അടക്കാത്ത കാരണത്താല്‍ ക്ലാസിലെ മറ്റു കുട്ടികളുടെ മുന്നില്‍ വച്ച് തന്നെ ചീത്ത പറയുകയും മുടിയില്‍ പിടിച്ചു ശക്തമായി കുലുക്കുകയും ചെയ്തത് എന്ന് കുട്ടി പറഞ്ഞു. തന്റെ മകള്‍ പ്രാഞ്ചി സംഭവത്തിനു ശേഷം ഏറെ തകര്‍ന്ന അവസ്ഥയിലാണ് എന്ന് പിതാവ് അഖിലേഷ് ഗുപ്ത പറഞ്ഞു.
താന്‍ നഗരത്തില്‍ ഒരു ചെറിയ സ്റ്റുഡിയോ നടത്തുകയാണ് എന്നും അതില്‍ നിന്നും ആവശ്യത്തിന് വരുമാനം കിട്ടാഞ്ഞതിനാലാണ് ഫീസ് അടയ്ക്കാന്‍ വൈകിയതെന്നും അഖിലേഷ് പറയുന്നു. സംഭവം അറിഞ്ഞ ഉടനെ തന്റെ കൈയ്യിലുള്ള സമ്പാദ്യം എല്ലാം എടുത്ത് അഖിലേഷ് ഫീസ് അടച്ചു. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. പ്രിന്‍സിപ്പലിന്റെ മുറിയില്‍ വച്ച് തന്നെ ഉപദ്രവിച്ച അധ്യാപികയെ കണ്ടപ്പോള്‍ പ്രാഞ്ചി വല്ലാതെ ഭയക്കുന്നുണ്ടായിരുന്നു.
തങ്ങളുടെ സ്‌കൂള്‍ കുട്ടികളെ ശിക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് പറഞ്ഞ സ്‌കൂള്‍ അധികൃതര്‍, സംഭവത്തില്‍ പ്രതിയായ അധ്യാപികയെ ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ സ്‌കൂളുകാര്‍ സ്വീകരിച്ച ശിക്ഷാനടപടിയില്‍ താന്‍ തൃപ്തനല്ല എന്നും, തന്റെ മകള്‍ക്ക് നീതി ലഭിക്കുന്നതിനായി കേസുമായി മുന്നോട്ട് പോകുമെന്നും അഖിലേഷ് പറഞ്ഞു. ഫീസ് ശേഖരിക്കുക എന്നത് അധ്യാപികയുടെ ചുമതലയാണ്, എന്നാല്‍ അതിനായി സ്വീകരിച്ച മാര്‍ഗം ശരിയായില്ല എന്ന് സ്‌കൂള്‍ അധികൃതരും സമ്മതിക്കുന്നു.