മാവേലിക്കര: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അഞ്ചു വയസുകാരിക്ക് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്.
ചെട്ടികുളങ്ങര നടയ്ക്കാവ് കോട്ടയ്ക്കകം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബീഹാർ സ്വദേശികളായ പ്രേം കിഷോർ പ്രസാദ് – ലഷ്മിദാ ദമ്പതികളുടെ മകൾ അഞ്ജല(5) ആണ് ആക്രമണത്തിന് ഇരയായത്.
തലയിലും മുഖത്തും അടക്കം ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും കടിയേറ്റ കുഞ്ഞ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കാണ് സംഭവം. പത്ത് നായ്ക്കൾ കൂട്ടമായി എത്തി കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. നായ്ക്കളുടെ കുരയും കുഞ്ഞിന്റെ കരച്ചിലും കേട്ട് ഓടിയെത്തിയ അയൽവാസി കുഞ്ഞിനെ നായ്ക്കളിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചു.
ഇതോടെ നായ്ക്കൾ ഇയാളുടെ നേരേ തിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് കൂടുതൽ ആളുകൾ എത്തി നായ്ക്കളെ ഓടിച്ചു വിടുകയായിരുന്നു. സംഭവസമയം മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല.
കുഞ്ഞിനെ ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മുറിവുകൾ അതീവ ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.