ജമ്മു: മോഷണക്കുറ്റമാരോപിച്ച് ജമ്മുവില്‍ അറസ്റ്റു ചെയ്ത യുവതിയെ പോലീസ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. തന്റെ സ്വകാര്യഭാഗങ്ങളില്‍ മുളകുതേച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ ജമ്മുവിലെ കോടതി ഉത്തരവിട്ടു.
ജമ്മുവിലെ കാനചാക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് 28വയസുള്ള വിവാഹിതയായ യുവതി പരാതി നല്‍കിയിരിക്കുന്നത്. യുവതിയെ അവര്‍ വീട്ടുജോലിക്കു നില്ക്കുന്ന വീട്ടുകാരുടെ പരാതി പ്രകാരം ഏപ്രില്‍ 30നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ നടന്ന മോഷണത്തിനു പിന്നില്‍ ഇവരാണെന്നായിരുന്നു പരാതി. തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ യുവതിയെ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.അവിടെവച്ച് സ്റ്റേഷന് ഹൗസ് ഓഫിസറും വനിതാ കോണ്‍സ്റ്റബിളും ചേര്‍ന്ന് അതിക്രൂരമായി പീഡിപ്പിച്ചെന്ന് യുവതി പറയുന്നു. പരസ്യമായി തുണിയുരിഞ്ഞ് അപമാനിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.
നാലു ദിവസം അതിക്രൂരമായ പീഡനത്തിന് ഇരയാക്കിയശേഷം മേയ് മൂന്നിനാണ് തന്നെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. അന്വേഷിച്ചെത്തിയ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പൊലീസ് നിഷ്ഠൂരമായി പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി. സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാരെ രക്ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി യുവതിയുടെ അഭിഭാഷകന് വിജയകുമാര്‍ ്അത്രി പറഞ്ഞു. ഇതിനായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടിയയെന്നും അദ്ദേഹം ആരോപിച്ചു. യുവതിക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതി നിര്‍ദേശമനുസരിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സംഘത്തെ ചുമതലപ്പെടുത്തി. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍, കാനചാക് പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫിസര്‍ രാജേഷ് ശര്‍മ ആരോപണം നിഷേധിച്ചു.