ബെർലിൻ: ക്രിസ്മസ് സമ്മാനമായി ലഭിച്ച മൊബൈലിൽ നിന്നും ആറു വയസുകാരിയുടെ തുടരെയുള്ള ഫോണ്‍വിളി ജർമൻ പോലീസിനെ വട്ടം ചുറ്റിച്ചു. മനഃപാഠമാക്കിയ പോലീസ് നമ്പറിലേക്ക് 19 തവണയാണ് പെൺകുട്ടി വിളിച്ചത്. അത്യാഹിതമാണെന്ന് കരുതി പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് പെൺകുട്ടിയുടെ കുസൃതിയാണെന്ന് കണ്ടെത്തിയത്.
പടിഞ്ഞാറൻ ജർമൻ നഗരമായ സുൽസ്ബാഷിലെ പോലീസാണ് കുഴപ്പത്തിലായത്. ഫോൺ എടുക്കുമ്പോൾ എല്ലാം കൊച്ചു പെൺകുട്ടിയുടെ ശബ്ദമാണ് കേൾക്കുന്നത്. ഒടുവിൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നമ്പർ ഉടമയായ പെൺകുട്ടിയുടെ മാതാവിനെ കണ്ടെത്തുകയായിരുന്നു.
പോലീസ് സ്റ്റേഷനിലേക്ക് ഫോൺവിളിച്ച് പറ്റിക്കുന്നത് ക്രിമിനൽ കുറ്റം വരെ ചുമത്താവുന്ന കുറ്റമാണ്. എന്നാൽ ഫോൺ എങ്ങനെ ഉപയോഗിക്കണമെന്ന് പെൺകുട്ടിയെ പഠിപ്പിക്കണമെന്ന് മാതാപിതാക്കളോട് ഉപദേശിച്ച ശേഷം പോലീസ് മടങ്ങുകയായിരുന്നു.