സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ പട്ടിണിയ്ക്കിട്ട് കൊലപ്പെടുത്തിയ സംഭവം കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ഇവിടെ നാളുകളായി പെണ്‍കുട്ടി ഭര്‍തൃവീട്ടില്‍ നിന്ന് പീഡനങ്ങള്‍ അനുഭവിച്ച് വരികയാണെങ്കിലും സ്വന്തം വീട്ടുകാര്‍ പോലും ഇക്കാര്യത്തെക്കുറിച്ച് അറിയുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്നതാണ് വസ്തുത. എന്തുകൊണ്ട് പെണ്‍കുട്ടികള്‍ക്ക് ഈ ആധുനിക കാലത്തിലും ഇത് സംഭവിക്കുന്നു എന്നതിന് ഉത്തരവും പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുന്നതോടെ ബാധ്യത തീര്‍ന്നു എന്ന് കരുതി ജീവിക്കുന്ന സമൂഹത്തോട് ചില ചോദ്യങ്ങളും ചോദിച്ചുകൊണ്ട് ഡോ. ഷിനു ശ്യാമളന്‍ പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…
പെണ്മക്കളെ ‘അടങ്ങിയൊതുങ്ങി ജീവിക്കണം’ എന്നു പഠിപ്പിക്കരുത്. ഭര്‍തൃഗ്രഹത്തില്‍ നിന്ന് ഒന്ന് ഇറങ്ങി ഓടുവാന്‍ തോന്നുമ്പോള്‍ അവള്‍ക്ക് ധൈര്യം പകരുന്ന വാക്കുകള്‍ പറഞ്ഞു പഠിപ്പിക്കണം. സ്വന്തം ജീവനിലും വലുതല്ല ഒന്നുമെന്ന് പറഞ്ഞു വളര്‍ത്തണം.
ഉറങ്ങാന്‍ കിടന്നിട്ടും തികട്ടി വരുന്ന രണ്ടു വാര്‍ത്തകള്‍. 20 കിലോ തൂക്കം മാത്രമുള്ള ഭര്‍തൃഗ്രഹത്തിലെ പീഡനത്തില്‍ മരണപ്പെട്ട യുവതിയും, ക്രൂരമായി പീഡിപ്പിച്ചു കൊന്ന ആ ഏഴു വയസ്സുകാരനും.
മക്കളെയും താലിയും ഓര്‍ത്തു ഒന്ന് ഉറക്കെ നിലവിളിക്കാതെ ശ്വാസം മുട്ടി ജീവിക്കുന്ന സ്ത്രീകള്‍ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. മദ്യപിച്ചു നാലു കാലില്‍ വന്നു ഭാര്യയെയും മക്കളെയും തല്ലുന്നവരെ നാം അടുത്ത വീടുകളില്‍ ഇരുന്ന് കേട്ടിട്ടുണ്ടാവില്ലേ?
ജോലി സമയത്തു അത്തരം കേസുകള്‍ കണ്ടിട്ടുണ്ട്. ങഘഇ എഴുതിയിട്ടുമുണ്ട്. പക്ഷെ അവസാനം ഒത്തുതീര്‍പ്പായി വീണ്ടും അടി വാങ്ങി വന്നവരും ഉണ്ട്. ‘മക്കളെയോര്‍ത്തു’ എന്ന പതിവ് മൊഴി. പിന്നെ ഒറ്റയ്ക്ക് എങ്ങനെ ജീവിക്കും എന്ന ഭയം.
ഇവിടെയാണ് സ്ത്രീകള്‍ സ്വയംപര്യാപ്തരായിട്ട് മാത്രം വിവാഹം കഴിക്കുക എന്നതിന്റെ പ്രസക്തി. ‘നീയില്ലെങ്കിലും ഞാന്‍ ജീവിക്കും’ എന്ന വിശ്വാസം അവള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതോന്നുമല്ല. ഭര്‍തൃവീട്ടുകാരെയോ ഭര്‍ത്താവിനോ താന്‍ അടിമയല്ല എന്നവളെ പഠിപ്പിക്കണം.
ഇനി പറയുവാനുള്ളത് രക്ഷകര്‍ത്താക്കളോടാണ്. 20-25 വര്‍ഷം പൊന്നേ കരളേ എന്നു വിളിച്ചു വളര്‍ത്തിയ പെണ്മക്കളെ ഒരുത്തന്‍ തൊഴിച്ചും, അടിച്ചും കൊല്ലാക്കൊല ചെയ്യുന്നത് നിങ്ങള്‍ക്ക് സഹിക്കുമോ? മകള്‍ വിവാഹബന്ധം വേര്‍പ്പെടുത്തി വീട്ടില്‍ വന്നാല്‍ കുടുംബത്തിന് ഭാരമാകുമോ എന്ന് ചിന്തിക്കുമോ അതോ അവളുടെ ജീവനാണോ വലുത്? എന്തും സഹിച്ചു ജീവിക്കാന്‍ അവളോട് പറയരുത്. എന്തുണ്ടെങ്കിലും അമ്മയോടൊ അച്ഛനോടൊ പറയണം എന്ന് പഠിപ്പിക്കുക.
വിവാഹശേഷവും പെണ്മക്കളെ നെഞ്ചോട് ചേര്‍ക്കണം. ഇടയ്ക്കിടയ്ക്ക് അവരെ പോയി കാണണം. വിവരങ്ങള്‍ അന്വേഷിക്കണം. അങ്ങോട്ട് വന്നില്ലെങ്കില്‍ അവിടെ ചെന്ന് കാണണം. ഫോണിലൂടെ പറയുന്നത് മാത്രം വിശ്വസിക്കരുത്. ഒരുപക്ഷേഫോണ്‍ വിളിക്കുമ്പോള്‍ അവളുടെ അടുത്തു ഭര്‍ത്തുവീട്ടുകാര്‍ ഉണ്ടെങ്കിലോ? അവള്‍ വീട്ടുതടങ്കലില്‍ ആണെങ്കിലോ? നിസ്സാരമെന്നു തോന്നുമെങ്കിലും വീര്‍പ്പുമുട്ടി ജീവിക്കേണ്ട ഒന്നല്ല ജീവിതം.
പൊരുത്തപ്പെട്ടില്ലെങ്കില്‍ ഒരു ബാഗും ഒക്കത്തു കുട്ടിയെയും എടുത്തു ഇറങ്ങുവാന്‍ പഠിപ്പിക്കുക. കൂടെ ഭര്‍ത്താവ് വരുന്നെങ്കില്‍ വരട്ടെ. വന്നില്ലെങ്കില്‍ വിവാഹമോചനം അതിലും എത്രയോ ഭേദം. തോല്‍വിയാണ് മരണം. മരിക്കുന്നതിലും 100 ശതമാനം ശെരി വിവാഹമോചനം തന്നെയാണ്. ഇത് പെന്‍മക്കളെ പറഞ്ഞു മനസ്സിലാക്കി മാത്രം വിവാഹം കഴിപ്പിക്കുക.
സ്ത്രീധനം ചോദിച്ചു വരുന്നവര്‍ക്ക് അടുത്തുള്ള കണ്ടം കാണിച്ചു കൊടുക്കുക. ചില മാന്യന്മാര്‍ ഉണ്ട് വിവാഹത്തിന് ഒന്നും ചോദിക്കില്ല വിവാഹശേഷം തുടങ്ങും കണക്ക് പറഞ്ഞു ചോദ്യവും വാങ്ങലും. വിവാഹശേഷം സ്ത്രീധനം ചോദിച്ചു മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നവന്റെ വീട്ടില്‍ നിന്ന് ആ നിമിഷം ഇറങ്ങുവാന്‍ അവരെ പ്രാപ്തരാക്കുക. ഗാന്ധിജി പറഞ്ഞത് ‘any young man who makes dowry a condition to marriage discredits his education,country n dishonours womanhood’. സ്ത്രീധനം ചോദിക്കുന്ന പുരുഷന്‍ തന്റെ വിദ്യാഭ്യാസത്തെയും, രാജ്യത്തെയും, സ്ത്രീത്വത്തെയുമാണ് അപമാനിക്കുന്നത് എന്നാണ് ഗാന്ധിജി പറഞ്ഞത്.
NHFS-4 (National Family Health Survey) 2018 പ്രകാരമുള്ള കണക്കെടുപ്പില്‍ ഇന്ത്യയില്‍ പതിനഞ്ചു വയസ്സില്‍ മുകളിലുള്ള സ്ത്രീകളില്‍ മൂന്നിലൊന്ന് ശാരീരികമായോ, മാനസികമായോ, ലൈംഗികമായോ വീടുകളില്‍ ഉപദ്രവിക്കപ്പെടുന്നു എന്ന ഞെട്ടിക്കുന്ന കണക്കാണ് പുറത്തു വന്നത്.
‘അവള്‍ക്ക് രണ്ട് അടി കിട്ടിയാല്‍ നേരെയാകും’ എന്നു പറയുന്ന പുരുഷനാണോ നിങ്ങള്‍? എന്നാല്‍ നിങ്ങളും ഗാര്‍ഹികപീഡനത്തെ പ്രോല്‍ത്സാഹിപ്പിക്കുകയാണ്. തല്ലാനും, കൊല്ലാനും ഇത് കോഴിയല്ല. സ്ത്രീയാണ്. അവളെ തൊട്ടാല്‍ തൊടുന്ന ആ കൈയ്യല്ല, തലയാണ് വെട്ടേണ്ടത് എന്ന് ബാഹുബലി സിനിമയില്‍ വെറുതെ പറഞ്ഞതല്ല. അത്രയും കഠിനമായ ശിക്ഷ തന്നെ കൊടുക്കണം. ഭാര്യയെ തല്ലുന്ന കൈകള്‍ ജയിലില്‍ ചിക്കന്‍ ബിരിയാണിയോ, ചപ്പാത്തിയോ ഉണ്ടാക്കേണ്ടി വരണം. അത്രയും മിടുക്കാരാകണം സ്ത്രീകള്‍. ഒരു സ്ത്രീയുടെയും നേരെ ഒരുത്തനും കൈ പോക്കരുത്.
ശാരീരികമായോ, മാനസികമായോ, ലൈംഗികമായോ പീഡിപ്പിക്കുവാന്‍ അനുവദിക്കരുത്. പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്ന ഭര്‍ത്താക്കന്മാരെ വരെ ഡിവോഴ്‌സ് ചെയ്യുവാന്‍ നമുക്ക് നിയമമുണ്ട്. മിണ്ടാതെ സഹിക്കേണ്ട കാര്യമില്ല സ്ത്രീകളെ. മാനസികമായും പീഡിപ്പിക്കാന്‍ അനുവദിക്കരുത്. അതും പീഡനം തന്നെയാണ്. മിണ്ടാതെ സഹിക്കുവാന്‍ ഇത് പുകയല്ല. ജീവിതമാണ്. അത് ഒന്നേയുള്ളൂ. അതില്‍ തോല്‍ക്കരുത്. ഭര്‍ത്താവായാലും മക്കളായാലും സ്വന്തം ജീവന്‍ മറന്ന് ആരെയും സ്‌നേഹിക്കരുത്. നിങ്ങളുടെ ജീവന് പകരം വിലപ്പെട്ടതായി ഒന്നും തന്നെയില്ല ഈ ഭൂമിയില്‍. അത്രയും വിലപ്പെട്ടതാണ് ഒരു സ്ത്രീ.
ഡോ. ഷിനു ശ്യാമളന്‍