അങ്കമാലി: അമ്മ വീട്ടിൽ വിരുന്നിനെത്തിയ പതിനൊന്നുകാരിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ആശുപത്രിയിലെത്തിച്ച ബന്ധുവിനെയും അയൽവാസിയായ യുവതിയെയും ചോദ്യം ചെയ്തെങ്കിലും കൃത്യമായ നിഗമനത്തിലെത്താൻ പോലീസിന് ഇനിയുമായിട്ടില്ല.
ഇന്നലെ ഉച്ചകഴിഞ്ഞ് 4.45 ഓടെയാണ് തൃശൂർ കോടാലി സ്വദേശിയുടെ മകളെ കറുകുറ്റി പഞ്ചായത്തിലെ നീരോലിപ്പാറ നീറുങ്ങലിലുള്ള അമ്മവീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ അമ്മാവനും അയൽവാസിയായ യുവതിയും ചേർന്നാണ് മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
പോലീസിനു കിട്ടിയ മൊഴിയനുസരിച്ച് കുട്ടിയുടെ മുത്തശി സംഭവസമയത്ത് സമീപത്തെ തോട്ടിൽ തുണി കഴുകാൻ പോയിരിക്കുകയായിരുന്നു. 4.30 ഓടെ തുണി അലക്കുന്നതിനായി പോയ മുത്തശി പത്തു മിനിട്ടിനകം തിരികെ വന്നപ്പോൾ കുളിമുറിയിൽ കുട്ടി മരിച്ചു കിടക്കുകയായിരുന്നു.
മുത്തശി അമ്മാവനെ വിവരം അറിയിച്ചതിനെ തുടർന്ന് കാറുമായെത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിലെ പാടുകൾ കണ്ട് ഡോക്ടറാണ് പോലീസിനെ വിവരം അറിയിച്ചത്. കുളിമുറിയിൽ തെന്നി വീണപ്പോൾ ബക്കറ്റിൽ പതിച്ചാണ് പാട് വീണതെന്നാണ് ബന്ധു ഡോക്ടറോട് പറഞ്ഞത്.
പോലീസ് വീട്ടിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ കുളിമുറിയിൽ രണ്ട് ബക്കറ്റുകൾ നേരാംവണ്ണം ഇരിക്കുന്ന നിലയിലായിരുന്നു. മറ്റു തെളിവുകളൊന്നും ലഭിച്ചില്ല. അമ്മാവനെ ഇന്നലെ തന്നെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റൂറൽ എസ്.പി.രാഹുൽ ആർ നായരുടെ നേതൃത്വത്തിൽ ഡിവൈഎസ് പി വിദ്യാധരൻ, സർക്കിൾ ഇൻസ്പകർ പി.ആർ ബിജോയ് എന്നിവർ ചേർന്ന് ബന്ധുവിനെ ചോദ്യം ചെയ്തിരുന്നു.
മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഫോറൻസിക് വിഭാഗത്തിന്റെ പരിശോധനകൾക്കു ശേഷം പോലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തും.പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.