ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിയ യുവതിയെ ഡോക്ടർമാർ ജീവനോടെ എംബാം ചെയ്തു. റഷ്യയിലെ വോൾഗ ഫെഡറലിലുള്ള യൂലിനോസ്ക് ആശുപത്രിയിലാണ് ഡോക്ടർമാരുടെ അശ്രദ്ധ കാരണം ഒരു യുവതിക്ക് ജീവൻ നഷ്ടപ്പെട്ടത്. അണ്ഡാശയത്തിലെ മുഴ നീക്കം ചെയ്യുവാനാണ് ഇരുപത്തിയേഴുകാരിയായ എക്കാത്തറീന ഫെദ്യേവയെ ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ മരുന്നായി സലൈൻ ലായനി നൽകുന്നതിനു പകരം മൃതദേഹങ്ങൾ എംബാം ചെയ്യുന്ന ഫോർമാലിൻ ലായനി നൽകിയതാണ് അപകടത്തിനു കാരണമായത്. തങ്ങൾക്കു പറ്റിയ കൈയ്യബദ്ധം മനസിലാക്കിയ ഡോക്ടർമാർ ഉടൻ തന്നെ ഇവരുടെ വയർ വൃത്തിയാക്കാൻ ശ്രമിച്ചുവെങ്കിലും എല്ലാവരെയും നിരാശരാക്കി എക്കാത്തറീന മരണത്തിനു കീഴടങ്ങുകയായിരുന്നു.
ശസ്ത്രക്രിയക്കു ശേഷം അവൾ കണ്ണു തുറന്നിരുന്നു എന്നാൽ വിഷത്തെ പുറന്തള്ളാൻ അവളുടെ ശരീരത്തിനായില്ല. ഡോക്ടർമാർ ജീവനോടെ എംബാം ചെയ്യുകയായിരുന്നുവെന്നും എക്കാത്തറീനയുടെ ഭർത്തൃമാതാവ് പറഞ്ഞു. സംഭവം ലോകമെന്പാടും ചർച്ച ചെയ്യപ്പെട്ടതോടെ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മാത്രമല്ല സംഭവത്തിന് ഉത്തരവാദികളായ ഡോക്ടർമാരെയും ജീവനക്കാരെയും ആശുപത്രി അധികൃതർ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു.