ബ്യൂട്ടീഷന്‍ ജോലിക്ക് ഗള്‍ഫിലെത്തിയ 22കാരിയെ കൊണ്ടു പോയത് ലൈംഗികവൃത്തിക്ക്; 59 ദിവസത്തിനിടെ നൂറിലേറെ ആളുകള്‍ക്ക് കാഴ്ചവച്ചു; പിമ്പിന് രണ്ടു ലക്ഷം നല്‍കി സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ട യുവതിയുടെ കഥ…

കൊച്ചി: ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പല പെണ്‍വാണിഭസംഘങ്ങളുടെയും നടത്തിപ്പുകാര്‍ മലയാളികളാണെന്നത് പരസ്യമായ രഹസ്യമാണ്. പ്രധാനമായും യുഎഇ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ധാരാളം മലയാളി പെണ്‍കുട്ടികളാണ് ഇത്തരക്കാരുടെ ചതിക്കുഴിയില്‍ പെട്ട് വിദേശത്തെത്തി നിര്‍ബന്ധിത വേശ്യാവൃത്തിയിലേക്ക് വലിച്ചെറിയപ്പെടുന്നത്. ഇതിനു വേണ്ടി പ്രത്യേക മനുഷക്കടത്ത് സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. വെളിപ്പെടുത്തലുമായി പല യുവതികളും രംഗത്തുവന്നെങ്കിലും പോലീസ് ഈ വിഷയങ്ങളെ വേണ്ടത്ര ഗൗരവത്തോടെ സമീപിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

ബ്യൂട്ടീഷന്‍ ജോലിക്കെന്നും മറ്റും പറഞ്ഞാണ് ഇവരെ വലയിലാക്കുന്നത്. എന്നാല്‍ ഗള്‍ഫിലെത്തിയാല്‍ കഥമാറും. വിമാനത്താവളത്തില്‍ നിന്ന് നേരെ പെണ്‍വാണിഭകേന്ദ്രങ്ങളിലേക്ക്. പിന്നെ പുറംലോകം കാണില്ല. ഭീഷണിപ്പെടുത്തിയാണ് പലരെയും ലൈംഗികവൃത്തിയിലേക്ക് തള്ളിവിടുന്നത്. എതിര്‍ക്കാന്‍ ശ്രമിക്കുന്നവരെ ക്രൂരമായി പീഡിപ്പിക്കും.

ഇത്തരത്തില്‍ പെണ്‍വാണിഭസംഘത്തിന്റെ പിടിയില്‍ അകപ്പെട്ട ശേഷം രക്ഷപ്പെട്ട കഥയാണ് കൊച്ചി സ്വദേശിനിയായ യുവതിയ്ക്ക് പറയാനുള്ളത്. ബ്യൂട്ടീഷന്‍ ജോലിക്കെന്നു പറഞ്ഞാണ് 22കാരിയെ ബഹ്‌റിനിലെത്തിച്ചത്. എന്നാല്‍ പെണ്‍കുട്ടിയെ കൊണ്ടുപോയതാവട്ടെ പെണ്‍വാണിഭ കേന്ദ്രത്തിലേക്കും. രക്ഷപെടാന്‍ ഒരു വഴിയുമില്ലാതെ പെണ്‍കുട്ടി പെട്ടുപോയി.

പെണ്‍വാണിഭ സംഘം 59 ദിവസങ്ങളാണ് ഇവരെ തടവില്‍ പാര്‍പ്പിച്ചത്. ഈ കാലയളവില്‍ നൂറിലേറെ ആളുകള്‍ക്കൊപ്പം അന്തിയുറങ്ങേണ്ടിയും വന്നു. വാരാന്ത്യം ആഘോഷിക്കാനെത്തുന്ന മലയാളികളായിരുന്നു പീഡകരില്‍ ഏറിയ പങ്കും. ഇവര്‍ക്കു മുമ്പില്‍ വഴങ്ങുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലായിരുന്നു. ചില ദിവസങ്ങളില്‍ പത്തു പേര്‍ക്കു വരെ വഴങ്ങിക്കൊടുക്കേണ്ട ഗതികേടും ഇവര്‍ക്കുണ്ടായി. അരമണിക്കൂറിന് ഏഴായിരം രൂപ മുതലാണ് ഒരോ പെണ്‍കുട്ടിക്കും ഈ സംഘം ഈടാക്കിയത്. ഇടനിലക്കാരാണ് പണം മുഴുവന്‍ പോക്കറ്റിലാക്കിയിരുന്നത്. യുവതികള്‍ക്കു നല്‍കുന്നതാകട്ടെ തുച്ഛമായ പണവും. സഹികെട്ട് പ്രതികരിച്ചപ്പോള്‍ ഇരുമ്പുകമ്പി ചൂടാക്കി കാലില്‍ വച്ചാണ് അവര്‍ തന്നോടു പകരം വീട്ടിയതെന്നു യുവതി പറഞ്ഞു.

ഭാര്യയുടെ ഗള്‍ഫിലെ ദുരനുഭവം അറിഞ്ഞ ഭര്‍ത്താവ് മനുഷ്യക്കടത്ത് സംഘത്തിന്റെ കൊച്ചിയിലെ ഏജന്റിന് 2 ലക്ഷം രൂപ കൊടുത്താണ് മോചിപ്പിച്ചത്. പണം ലഭിച്ചില്ലെങ്കില്‍ പുറംലോകം കാണിക്കില്ലെന്ന് സംഘം ഭീഷണിമുഴക്കിയതിനെത്തുടര്‍ന്നായിരുന്നു ഇത്. പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷപെട്ട് യുവതി തിരികെ കൊച്ചിയിലെത്തിയത്. നിരവധി യുവതികള്‍ ഇത്തരത്തില്‍ ഗള്‍ഫ് മേഖലയില്‍ ഇവരുടെ തടവറയില്‍ അകപ്പെട്ടിട്ടുണ്ട്. ആള്‍താമസം കുറവായ ഫ്‌ളാറ്റുകളിലാണ് പെണ്‍വാണിഭം നടക്കുന്നത്. മലയാളികള്‍ കൂടുതല്‍ താമസിക്കുന്ന ഗള്‍ഫ് നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരം സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ ഇനിയും ദ്രോഹിക്കുമെന്ന ഭയത്തിലാണ് പരാതി നല്‍കാതിരുന്നതെന്നും ഇത്തരത്തില്‍ പീഡനം അനുഭവിക്കുന്ന ധാരാളം പേര്‍ ഇപ്പോഴും ഗള്‍ഫ് മേഖയിലുണ്ടെന്നും ഇവരെ രക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും യുവതി പറയുന്നു.

 

 

Related posts