കണ്ണിൽ നിന്നും ചത്ത ഉറന്പുകൾ പുറത്തേക്കു വരുന്ന അപൂർവ അവസ്ഥയുമായി പതിനൊന്നുവയസുകാരി. കർണാടകയിലെ ബൽത്തങ്ങാടി സ്വദേശിനിയായ അശ്വിനിയിലാണ് ഏവരെയും അന്പരപ്പിക്കുന്ന പ്രതിഭാസം.
ദിവസേന ഏകദേശം അറുപത് ഉറുന്പുകൾ വരെ ഇവരുടെ കണ്ണിൽ നിന്നും പുറത്തേക്കു വരാറുണ്ട്. ചെവിയിൽ കൂടിയാകാം ഉറുന്പുകൾ ഈ കുട്ടിയുടെ ശരീരത്തിനുള്ളിൽ പ്രവേശിച്ചതെന്നാണ് ഡോക്ടർമാർ നൽകുന്ന വിശദീകരണം.
തന്റെ കണ്ണിന് അസാധാരണമായ വേദനയാണെന്ന് കഴിഞ്ഞയാഴ്ച്ച മുതലാണ് ഈ കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. തുടർന്ന് ഇവർ കുട്ടിയുടെ കണ്ണ് പരിശോധിച്ചപ്പോൾ കണ്ണിനുള്ളിൽ നിന്നും ചത്ത നിലയിൽ ഉറുന്പുകൾ കിടക്കുന്നതാണ് കണ്ടത്. ഉറുന്പ് അറിയാതെ കണ്ണിൽ പോയതാകാം എന്നു വിചാരിച്ച മാതാപിതാക്കൾ ഇതിന് വലിയ പ്രാധാന്യമൊന്നും നൽകിയില്ല.
എന്നാൽ വീണ്ടും കുട്ടിയുടെ കണ്ണിന് വേദന അനുഭവപ്പെട്ടപ്പോൾ പരിശോധിച്ചപ്പോഴാണ് നിരവധി ഉറുന്പുകളെ കണ്ണിനുള്ളിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇവർ കുട്ടിയെ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയയാക്കിയത്.
അതിനു ശേഷമാണ് ചെവിയിൽ കൂടിയാകാം ഉറുന്പുകൾ ശരീരത്തിൽ പ്രവേശിച്ചതെന്ന് നിഗമനത്തിൽ ഡോക്ടർമാർ എത്തിച്ചേർന്നത്. ഈ അവസ്ഥ ഇല്ലാതാക്കാൻ ഡോക്ടർമാർ മരുന്നുകൾ നൽകിയെങ്കിലും ഇപ്പോഴും ദിവസേന ഉറുന്പുകളെ ഈ കുട്ടിയുടെ കണ്ണിൽ നിന്നും കണ്ടെത്തുന്നുണ്ട്.
കഴിഞ്ഞ പത്തുദിവസത്തിനുള്ളിൽ അറുപത് ഉറുന്പുകളെയാണ് ഈ കുട്ടിയുടെ കണ്ണിൽ നിന്നും കണ്ടെത്തിയത്. തുടക്കം മുതൽ ഈ കുട്ടിയെ ചികിത്സിച്ചിരുന്ന ഡോക്ടർമാർ ഈ സംഭവത്തിനു പരിഹാരം കാണാൻ കഴിയാതെ കുഴങ്ങിയതിനെ തുടർന്ന് വിദഗ്ദ പരിശോധനയ്ക്കായി ഈ കുട്ടിയെ ഒരു കണ്ണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.