കരുതിയിരിക്കണം ഈ ചെറുപ്രാണിയെ! കുട്ടിയുടെ അപൂര്‍വ്വരോഗത്തില്‍ പകച്ച മാതാപിതാക്കള്‍, ഡോക്ടര്‍ കണ്ടെത്തിയ രോഗകാരണം കേട്ട് ഞെട്ടി; അണുബാധ മുതല്‍ മരണത്തിനുവരെ കാരണമാവുന്ന ജീവകളെക്കുറിച്ചറിയാം

evelyn.jpg.image.470.246അമേരിക്കയിലെ ഒറിഗോണ്‍ സ്വദേശികളായ ലാന്‍സ് ലൂയിസിന്റെയും ഭാര്യ അമാന്‍ഡയുടെയും മകള്‍ ഈവ്‌ലിനെ കണ്ടാല്‍ പ്രത്യക്ഷത്തില്‍ യാതൊരുവിധ അസുഖങ്ങളും ഉണ്ടെന്ന് തോന്നുകയില്ല. എന്നാല്‍ കുറച്ചുനാളുകളായി അവളെ ചില ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതായി മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. കുറച്ചു നേരം നില്‍ക്കുമ്പോഴേയ്ക്കും ക്ഷീണിച്ച് ഇരുന്നു പോവുന്നു. കൂടാതെ കൈ ഉയര്‍ത്താനും കാല് നീട്ടാനുമൊക്കെ ബുദ്ധിമുട്ട്. അങ്ങനെയിരിക്കെയാണ് എണീറ്റു നില്‍ക്കാന്‍ ശ്രമിക്കും തോറും മകള്‍ തളര്‍ന്നുവീഴുന്ന കാഴ്ച അച്ഛനും അമ്മയും കാണുന്നത്. അച്ഛന്‍ കൈ കൊടുത്തിട്ടും എണീക്കാന്‍ സാധിക്കാത്തത്ര ബുദ്ധിമുട്ട്. ഒരു സെക്കന്‍ഡു പോലും രണ്ടുകാലില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ. നില്‍ക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം കാലുകള്‍ തളര്‍ന്നെന്ന പോലെ ഈവ്ലിന്‍ വീഴുന്നതിന്റെ വിഡിയോയും എടുത്ത് അവര്‍ ആശുപത്രിയിലെത്തി.

എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ഡോക്ടര്‍ അമാന്‍ഡയോട് കുട്ടിയുടെ ശരീരമൊന്നാകെ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. ആ പരിശോധനയിലാണ് ഈവ്ലിന്റെ സ്വര്‍ണത്തലമുടിയിഴകള്‍ക്കു താഴെ തലയോട്ടിയോട് ചേര്‍ന്ന് കടിച്ചു പിടിച്ച് ഒളിച്ചിരിക്കുന്ന നിലയില്‍ ഒരു കുഞ്ഞുപ്രാണിയെ കണ്ടെത്തുന്നത്. ഈവ്ലിന്റെ തലയിലെ ചോര കുടിച്ച് ചീര്‍ത്തിരിക്കുകയായിരുന്നു അത്. ഡോക്ടറുടെ പരിശോധനയില്‍ ‘നായ്‌ച്ചെള്ള്’ ആണ് അതെന്ന് കണ്ടെത്തി. ഡോക്ടറും അതു പ്രതീക്ഷിച്ചതാണ്. 15 വര്‍ഷത്തെ ജോലിക്കിടയില്‍ ഈവ്ലിനുണ്ടായിരുന്ന അതേ പ്രശ്‌നങ്ങളുമായി പത്തോളം കുട്ടികള്‍ ഡോക്ടര്‍ക്ക് മുന്നിലെത്തിയിരുന്നു. ഇക്കാരണത്താലാണ് മറ്റ് ടെസ്റ്റുകള്‍ക്കൊന്നും മുതിരാതെ കുട്ടിയുടെ ദേഹം പരിശോധിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചത്. ഈ കുട്ടിയെ കടിച്ചത്, അത്രയ്ക്ക് ഭീകരനായ വണ്ടായിരുന്നില്ല.

എന്നാല്‍ നായ്‌ച്ചെള്ളിന്റെ തന്നെ വിഭാഗത്തില്‍പ്പെട്ട ‘മാന്‍ചെള്ള്’ കടിച്ചാല്‍ മരണം വരെ സംഭവിക്കാവുന്നതാണ്. ഇത്തരം ചെള്ളുകളില്‍ നിന്നുണ്ടാകുന്ന ‘ബാക്ടീരിയല്‍ അണുബാധ’ ശരീരത്തിലെ അവയവങ്ങളെയും പേശികളെയും ഹൃദയത്തെയും സന്ധികളെയും നാഡീവ്യൂഹത്തെയും വരെ തളര്‍ത്താന്‍ ശേഷിയുള്ളവയാണ്. ഈ ബാക്ടീരിയ ബാധിച്ച ചെള്ളുകളുടെ കടിയേറ്റാലാണ് പ്രശ്‌നമാകുക. മനുഷ്യരുടെയും മൃഗങ്ങളുടെയും ചോര കുടിച്ചു ജീവിക്കുന്ന മാന്‍ചെള്ളുകള്‍ കടിക്കുന്നത് തിരിച്ചറിയാന്‍ വഴിയൊന്നുമില്ല. ദിവസങ്ങളോളമിരുന്ന് ചോര കുടിച്ച് ആരുമറിയാതെ വിട്ടുപോരാനുള്ള ഇവയുടെ കഴിവ് അപാരമാണ്. പിന്നീടായിരിക്കും കടിയേറ്റ ഭാഗത്തിനു ചുറ്റും വൃത്താകൃതിയില്‍ ചുവപ്പോ പിങ്കോ നിറത്തില്‍ അടയാളമുണ്ടാകുക. എത്രനേരം ഇവ കടിച്ചുപിടിച്ചിരുന്നോ അതിനനുസരിച്ചായിരിക്കും അണുബാധയുടെ തീവ്രതയും. അതുപ്രകാരം കടിയേറ്റ് മൂന്നു മുതല്‍ 30 ദിവസത്തിനകം വരെയേ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടൂ.

 

Related posts