വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപായി പലതവണ ടോയിലറ്റിൽ പോയെന്ന കാരണത്താൽ തന്നെ യാത്ര ചെയ്യാൻ അനുവദിച്ചില്ലെന്ന പരാതിയുമായി യുവതി. കനേഡിയൻ വിമാനക്കമ്പനിയായ വെസ്റ്റ് ജെറ്റ് എയർലൈൻസിനെതിരെ ജോവാന ചിയു എന്ന യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയത്.
മെക്സിക്കോയിലാണ് സംഭവം. ടേക്ക് ഓഫിന് മുമ്പ് വളരെയധികം നേരം വാഷ്റൂമിൽ പോയതിന് വിമാനത്തിൽ നിന്ന് ഇറക്കി വിട്ടെന്നാണ് യുവതിയുടെ പരാതി.
വാഷ് റൂമിൽ തനിക്ക് വയറിന് പ്രശ്നം ഉള്ളത് കൊണ്ടാണ് പോകേണ്ടി വന്നതെന്നും ജോവാന എക്സിൽ കുറിച്ചു. മെക്സികോയില്‍ നിന്നും ‘വെസ്റ്റ് ജെറ്റി’ന്റെ വിമാനത്തില്‍ കയറിയപ്പോഴാണ് തനിക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്നതെന്നും യുവതി വ്യക്തമാക്കി.
തന്നെ വിമാനത്തിൽ നിന്ന് പുറത്തിറക്കുന്നതിനിടെ തന്റെ പണമെല്ലാം കൂടെ യാത്ര ചെയ്യുന്നവരുടെ കൈവശമായിപ്പോയെന്നും വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്ക് പോകാനുള്ള ടാക്സി നിരക്ക് നൽകാൻ പോലും വെസ്റ്റ്ജെറ്റ് സൂപ്പർവൈസർ വിസമ്മതിച്ചതായും ജോവാന ആരോപിച്ചു.
അതേസമയം, താൻ പൊട്ടിക്കരഞ്ഞപ്പോൾ അവർ ഗാർഡിനെ വിളിക്കുകയും സംഭവത്തിന്റെ വീഡിയോ ഡിലീറ്റ് ചെയ്തില്ലെങ്കിൽ അടുത്ത ദിവസം മറ്റൊരു വിമാനത്തിൽ കയറാൻ കഴിയില്ലെന്ന് സൂപ്പർവൈസർ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.
യുവതിയുടെ അനുഭവത്തോട് സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ. ആരോഗ്യ പ്രശ്നങ്ങൾ ഉള്ള സമയത്ത് യാത്രകൾ ഒഴിവാക്കണമെന്നാണ് ചിലരുടെ പ്രതികരണം.