ഒരേ വഴിയ്ക്ക് ഇനി പോകാനാവില്ലെന്ന് മനസ്സിലാകുമ്പോഴാണ് കമിതാക്കള്‍ ബ്രേക്കപ്പിന് തയ്യാറാവുന്നത്.
എന്നാല്‍ ബ്രേക്കപ്പിനു ശേഷവും ഒരുമിച്ചുണ്ടായിരുന്ന നല്ല നിമിഷങ്ങളെ ഓര്‍ത്ത് ഒരിക്കലെങ്കിലും കണ്ണീര്‍ പൊഴിക്കാത്ത കമിതാക്കള്‍ ആരുമുണ്ടാവില്ല.
എന്നാല്‍ ചൈനക്കാരനായ ഒരു യുവാവ് തന്റെ കാമുകിയുമായുള്ള ഒരു വര്‍ഷത്തെ ജീവിതം അവസാനിപ്പിച്ചപ്പോള്‍ കരയാന്‍ പോയിട്ട് സങ്കടപ്പെടാന്‍ പോലും നിന്നില്ല.
ഇത് ചില്ലറ പ്രകോപനമൊന്നുമല്ല കാമുകിയില്‍ ഉണ്ടാക്കിയത്. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിന്ന ആ യുവതി അന്ന് തന്നെ ഒരു കാര്യം തീരുമാനിച്ചു.
താനെത്ര കരഞ്ഞുവോ അതിന്റെ പത്തിരട്ടി തന്റെ കാമുകനും കരയണം. അതിനായി യുവതി തിരഞ്ഞെടുത്ത മാര്‍ഗമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
സാവോ എന്ന പെണ്‍കുട്ടിയാണ് കാമുകനുമായി പിരിഞ്ഞ ശേഷം താനെത്ര കരഞ്ഞുവോ അത്രത്തോളം കാമുകനെയും കരയിക്കുമെന്ന് പ്രതിജ്ഞ ചെയ്തത്.
അങ്ങനെ കാമുകന്റെ വാതില്‍പ്പടിക്കു മുന്നില്‍ ആയിരംകിലോയോളം ഉള്ളി വാങ്ങിയിടുകയായിരുന്നു കക്ഷി. ഒരു വര്‍ഷത്തോളം ഒന്നിച്ചുജീവിച്ച കാമുകന്‍ തന്നെ വഞ്ചിച്ചുവെന്നാണ് സാവോ പറയുന്നത്.
അങ്ങനെയാണ് കാമുകനെ അറിയിക്കാതെ വാതില്‍പ്പടിയില്‍ ഉള്ളിയിട്ടു പോയത്. ഒപ്പം ഒരു കുറിപ്പും കക്ഷി വച്ചിരുന്നു. ” മൂന്നു ദിവസത്തോളമാണ് ഞാനിരുന്നു കരഞ്ഞത്, ഇനി നിന്റെ ഊഴമാണ്” എന്നാണ് അതില്‍ എഴുതിയിരുന്നത്.
ഈ സംഭവം ഇതിനോടകം ചൈനീസ് മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ഉള്ളിച്ചാക്കുകള്‍ക്കു മുമ്പില്‍ അന്ധാളിച്ചു നില്‍ക്കുന്ന കാമുകന്റെ ചിത്രമാണ് ഇപ്പോള്‍ വന്‍ തമാശയാകുന്നത്.സാവോയുടെ ആധിപത്യസ്വഭാവം കാരണമാണ് ഇരുവരും പിരിഞ്ഞതെന്നാണ് കാമുകന്റെ വാദം.
” എന്റെ മുന്‍കാമുകി വളരെ നാടകീയ സ്വഭാവമുള്ളയാളായിരുന്നു. ഞങ്ങള്‍ പിരിഞ്ഞതിനുശേഷം ഒരുതുള്ളികണ്ണുനീര്‍ പോലും ഞാന്‍ പൊഴിച്ചില്ലെന്നാണ് അവളുടെ ആരോപണം. ഒന്നു കരഞ്ഞില്ലെന്നു കരുതി ഞാന്‍ മോശം പയ്യനാകുമോ?”ഇതാണ് കാമുകന്റെ ചോദ്യം.