30 വയസ് പൂർത്തിയാകുന്പോൾ രാജ്യത്തെ മുഴുവൻ സ്ത്രീകളും ഗർഭപാത്രം നീക്കം ചെയ്യണമെന്ന് ജപ്പാനിലെ കൺസർവേറ്റീവ് പാർട്ടി നേതാവ് നവോക്കി ഹയാകുട്ട. ഒരു യുട്യൂബ് വീഡിയോയിൽ ആണ് അദ്ദേഹം ഈ വിചിത്രമായ അഭിപ്രായം പറഞ്ഞത്.
ജനനനിരക്ക് ഉയർത്തുന്നതിന് സർക്കാർ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനിടയിലാണ് നവോക്കി ഹയാകുട്ടയുടെ ഈ വിവാദ പരാമർശം. 25 വയസ് പൂർത്തിയാകുന്നതിനു മുൻപായി സ്ത്രീകൾ നിർബന്ധമായും വിവാഹം കഴിക്കണം.
25 വയസിനു ശേഷം സ്ത്രീകൾ വിവാഹിതരാകുന്നത് നിരോധിക്കണമെന്നും പാർട്ടി നേതാവ് അഭിപ്രായപ്പെട്ടു. കൂടാതെ 30 വയസിൽ നിർബന്ധമായും സ്ത്രീകളുടെ ഗർഭപാത്രം നീക്കം ചെയ്യണമെന്നും നവോക്കി ഹയാകുട്ട കൂട്ടിച്ചേർത്തു.
ഇതോടെ അദ്ദേഹത്തിന്റെ പരാമർശം രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ചു. ഇദ്ദേഹത്തെ വിമർശിച്ച് നിരവധി ആളുകൾ രംഗത്തെത്തി. പ്രശ്നം ഗുരുതരമായതോടെ പ്രസ്താവന നീക്കി അദ്ദേഹം തടിയൂരി.