നെടുമ്പാശേരി : മൊബൈൽ ഫോൺ വാങ്ങി പൂട്ടിവച്ചതിന്, വഴക്കിട്ട് വീട് വിട്ടിറങ്ങിയ പെൺകുട്ടി നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
വിദേശത്തുള്ള കൂട്ടുകാരിയുടെ അമ്മയുടെ അടുത്തേക്കു പോകണമെന്നാണ് പതിനൊന്നുകാരി സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.
പാസ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെ പോലീസ് എയ്ഡ് പോസ്റ്റിൽ വിവരമറിയിച്ചു.
പോലീസിനോടും കുട്ടി തന്റെ ആവശ്യം ആവർത്തിച്ചു. മാള സ്വദേശിനിയായ കുട്ടി വീട്ടിൽ നിന്നു പിണങ്ങി ഇറങ്ങിയതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
മാളയിൽ നിന്നു സ്വകാര്യ ബസിൽ കയറി അത്താണിയിൽ വന്നിറങ്ങിയ ശേഷം അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് വിമാനത്താവളത്തിൽ എത്തിയത്.