തൊടുപുഴ: സ്കൂൾ വിട്ട് വീട്ടിലേക്കു പോയ പെണ്‍കുട്ടിയെ പൊതുവഴിയിൽ അപമാനിക്കാൻ ശ്രമം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കലയന്താനിക്കു സമീപമായിരുന്നു സംഭവം.
തൊടുപുഴയിൽനിന്നു ബസിൽ കയറി സ്റ്റോപ്പിൽ ഇറങ്ങിയ പെണ്‍കുട്ടി നടന്നുപോകുന്നതിനിടെ ആളൊഴിഞ്ഞ ഭാഗത്തുവച്ച് ബൈക്കിലെത്തിയ ആളാണ് അപമാനിക്കാൻ ശ്രമിച്ചത്. പെണ്‍കുട്ടി ബഹളംവച്ചതോടെ സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ഓടിയെത്തിയപ്പോഴേക്കും അപമാനിക്കാൻ ശ്രമിച്ചയാൾ ഹെൽമറ്റ് വച്ച് ബൈക്കിൽ കടന്നുകളയുകയായിരുന്നു.
ചിലർ പിന്തുടർന്നെങ്കിലും ഇയാളെ കണ്ടെത്താനായില്ല. സംഭവത്തിൽ പിതാവിനോടൊപ്പമെത്തി പെണ്‍കുട്ടി തൊടുപുഴ പോലീസിൽ പരാതി നൽകിയതോടെയാണ് സിഐ സജീവ് ചെറിയാന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്. സമീപത്ത് ഇളംദേശം പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ നിന്നു ലഭിച്ച ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.
ബൈക്കിന്റെയും ആളിന്റെയും ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും ഇതിൽനിന്നു വാഹനത്തിന്റെ നന്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിച്ചില്ലെന്ന് പോലീസ് പറഞ്ഞു. അതിനാൽ പ്രതിയെകുറിച്ചുള്ള സൂചനകൾ കൃത്യമായി ലഭിച്ചില്ല.
സമീപ ്രദേശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി കാമറകളിൽനിന്നു വാഹനത്തിന്റെ കൃത്യമായ വിവരം ലഭിക്കുമോയെന്ന അന്വേഷണത്തിലാണ് പോലീസ്. സംഭവത്തിനു ശേഷം ബൈക്ക് കടന്നുപോകാനിടയുള്ള മേഖലകളിലെ സിസിടിവി കാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ പോലീസ് സംഘം ഇന്നലെ പരിശോധിച്ചു.