പ്രണയം മനുഷ്യസഹജമാണ്, സ്വാഭാവികവുമാണ്. അതു പക്ഷേ മനുഷ്യനോട് തന്നെയായിരിക്കണെന്ന് നിര്‍ബന്ധമില്ല. അത്, പ്രകൃതിയോടാവാം, പക്ഷിമൃഗാദികളോടാവാം ചിലപ്പോള്‍ കാറ്റിനോടോ, മഴയോടോ ആവാം. വാഹനത്തോട് പ്രണയമുള്ളവരെയും കണ്ടുമുട്ടിയേക്കാം. എന്നാല്‍ ഒരു പ്രത്യേക കെഎസ്ആര്‍ടിസി ബസിനോട് പ്രണയം തോന്നുന്നത് ഇതാദ്യത്തെ സംഭവമായിരിക്കും.
കെഎസ്ആര്‍ടിസി ബസ് തന്നില്‍ നിന്നകന്ന ഒരു സാഹചര്യമുണ്ടായപ്പോഴാണ് അതിനെ പ്രണയിച്ച യുവതി തന്റെയുള്ളിലുണ്ടായിരുന്ന സ്‌നേഹം തിരിച്ചറിഞ്ഞതെന്ന് മാത്രം. ആ വിരഹവേദന നിറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
തങ്ങളുടെ റൂട്ടിലോടുന്ന ആര്‍എസ്‌സി 140 വേണാട് ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നും അലുവയിലേക്ക് കൊണ്ടു പോയതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള യുവതിയുടെ ഫോണ്‍ കോളാണ് വൈറലായത്. ഫോണ്‍ വിളിയില്‍ വണ്ടിമാറ്റിയതിലുള്ള അമര്‍ഷവും ദുഖവും യുവതി പ്രകടിപ്പിക്കുന്നുണ്ട്.
ആര്‍എസ്‌സി 140 വേണാട് ബസിലെ സ്ഥിരം യാത്രക്കാരിയാണ് യുവതി. എന്തിനാണ് വാഹനം ആലുവ ഡിപ്പോയിലേക്ക് കൊണ്ടു പോയതെന്നും അവിടെ ബസുകള്‍ക്ക് അത്ര ദാരിദ്ര്യമാണോയെന്നും യുവതി ചോദിക്കുന്നുണ്ട്.
പകരം ബസ് ഇട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥന്‍ മറുപടി കൊടുത്തപ്പോള്‍ ആ വണ്ടി ആര്‍ക്കു വേണമെന്നായി യുവതി. ഞങ്ങളുടെ ചങ്കു വണ്ടിയായിരുന്നു അതെന്നാണ് യുവതി പുറയുന്നത്. ഡ്രൈവറേയും കണ്ടക്ടറേയുമൊന്നും മാറ്റിയത് പ്രശ്നമല്ലെന്ന് പറയുന്ന യുവതി ആര്‍എസ്‌സി 140 തന്നെ വേണമെന്നാണ് പറയുന്നത്.
എന്തായാലും യുവതിയുടെ വികാരഭരിതമായ ഫോണ്‍ കോള്‍ ഫലം കണ്ടു. ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്ന് ആലുവയിലേക്ക് കൊണ്ടുപോയ കെ.എസ്.ആര്‍.ടി.സി. ബസ് തിരിച്ചുകൊടുക്കാന്‍ എം.ഡി. നിര്‍ദേശം നല്‍കി. വേറൊരുരീതിയില്‍ പറഞ്ഞാല്‍ പ്രാണനായകനെ യുവതിയ്ക്ക് തിരിച്ചുകിട്ടുന്നു.