കോട്ടയം: രാത്രിയിൽ വീട്ടുകാരുമായി പിണങ്ങിയിറങ്ങിയ പതിനാറുകാരിയെ രണ്ടു മണിക്കൂറിനുള്ളിൽ പോലീസ് കണ്ടെത്തി. മൂലേടം സ്വദേശിനിയായ പതിനാറുകാരി രാത്രി പത്തരയോടൊണ് വീടു വിട്ടിറങ്ങിയത്. അമ്മയുമായുണ്ടായ വഴക്കാണ് വീടു വിട്ടിറങ്ങാൻ പ്രേരിപ്പിച്ചത്.
റോഡിലൂടെ നടന്നു നീങ്ങിയ പെണ്‍കുട്ടി ഒരു സുഹൃത്തിനെ വിളിച്ചുവരുത്തി. സുഹൃത്ത് ബൈക്കിൽ മൂലേടത്തിനു സമീപം എത്തി. യുവാവ് എത്ര പറഞ്ഞിട്ടും പെണ്‍കുട്ടി പിൻതിരിയാൻ തയാറായില്ല. ഒരു ദിവസത്തേക്ക് തനിക്കൊന്നു മാറി നിൽക്കണമെന്നായിരുന്നു പെണ്‍കുട്ടിയുടെ ആവശ്യം. ഒടുവിൽ ഗത്യന്തരമില്ലാതെ യുവാവ് പെണ്‍കുട്ടിയുമായി അയ്മനം ഭാഗത്തേക്ക് പോയി.
രാത്രി 11 മണിയോടെയാണ് പെണ്‍കുട്ടിയെ കാണാനില്ല എന്ന വിവരം വീട്ടുകാർ മനസിലാക്കിയത്. ഉടൻ പോലീസിൽ അറിയിച്ചു. ഈസ്റ്റ് പോലീസ് അപ്പോൾ തന്നെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ മൊബൈൽ ഫോണ്‍ ലൊക്കേഷൻ നോക്കിയായിരുന്നു തെരച്ചിൽ.
ഇതിനിടെ റെയിൽവേ സ്റ്റേഷൻ , കെഎസ്ആർടിസിയിലെല്ലാം പോലീസ് അരിച്ചു പെറുക്കി. മൊബൈൽ ഫോണ്‍ ലൊക്കേഷൻ കിട്ടിയപ്പോൾ ഏതോ വാഹനത്തിൽ സഞ്ചരിക്കുന്നതായി തോന്നി. പിന്നാലെ പോലീസും പാഞ്ഞു. ഒടുവിൽ അയ്മനത്തു വച്ച് പെണ്‍കുട്ടിയെ കണ്ടെത്തി.
അപ്പോഴേക്കും സമയം പുലർച്ചെ ഒരു മണി കഴിഞ്ഞിരുന്നു. പെണ്‍കുട്ടിയെ ബൈക്കിൽ കൊണ്ടുപോയ യുവാവ് ഇതിനിടെ വീട്ടുകാരെ വിളിച്ച് വിവരം ധരിപ്പിച്ചിരുന്നു. പെണ്‍കുട്ടി കാണാതെയാണ് വിളിച്ചത്. യുവാവ് പറഞ്ഞ സ്ഥലത്ത് വീട്ടുകാർ എത്തിയപ്പോഴേക്കും പോലീസും എത്തി. യുവാവ് കാര്യങ്ങൾ പറഞ്ഞ് പോലീസിനെ ബോധ്യപ്പെടുത്തി.
താൻ എത്താതിരിക്കുകയാണെങ്കിൽ പെണ്‍കുട്ടി എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്നു ഭയന്നെന്നും യുവാവ് പോലീസിനെ അറിയിച്ചു. രണ്ടുമണിക്കൂറിനുള്ളിൽ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയ പോലീസിനെ വീട്ടുകാരും നാട്ടുകാരും പ്രശംസിച്ചു.
ഈസ്റ്റ് സിഐ ടി.ആർ.ജിജു, എസ്ഐ റെനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടത്തിയത്. വനിതാ പോലീസിന്റെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയെ ഇന്നു കോടതിയിൽ ഹാജരാക്കി മാതാപിതാക്കൾക്കൊപ്പം വിടും.