കോവിഡ് ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ആവശ്യപ്രകാരം ഡോക്ടര്‍ പാട്ട് വെച്ചുകൊടുത്തതിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
ഡോ. മോണിക്ക ലൻഗെഹ് എന്ന ഡോക്ടർ തന്റെ ട്വിറ്ററിൽ പങ്കുവച്ച ഒരു വീഡിയോയാണ് വൈറലായത്.
‘ലവ് യൂ സിന്ദഗി…’ എന്ന ഗാനമാണ് യുവതി ആസ്വദിക്കുന്നത്. ‘അവൾക്ക് 30 വയസ് പ്രായമേ ഉള്ളൂ.
ഐസിയു കിടക്ക കിട്ടാത്തതിനാൽ കോവിഡ് എമർജൻസി വിഭാഗത്തിൽ കഴിഞ്ഞ 10 ദിവസമായി ഞങ്ങൾ അവളെ പരിചരിക്കുകയായിരുന്നു.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അവൾ കഴിയുന്നത്. നല്ല മനക്കരുത്തുള്ള ശക്തയായ സ്ത്രീയാണ് അവൾ.
പാട്ട് വയ്ക്കാമോ എന്ന് എന്നോട് ചോദിച്ചപ്പോൾ ഞാൻ സന്തോഷത്തോടെ സമ്മതിച്ചു. പാഠം: പ്രതീക്ഷ ഒരിക്കലും കൈവിടരുത്’- എന്ന ക്യാപ്ഷനോടയൊണ് വീഡിയോ ഡോക്ടര്‍ പങ്കുവച്ചത്.
ഒടുവില്‍ ആ യുവതിയും മരണത്തിന് കീഴടങ്ങി. വീഡിയോ പങ്കുവെച്ച ഡോക്ടറാണ് യുവതിയുടെ മരണവിവരം മേയ് 13ന് ട്വിറ്ററിലൂടെ അറിയിച്ചത്.
‘ക്ഷമിക്കണം, ധീരയായ പെൺകുട്ടിയെ നമുക്ക് നഷ്ടമായിരിക്കുന്നു’ -ഡോക്ടർ കുറിച്ചു.
പെൺകുട്ടിയുടെ ആരോഗ്യവിവരവും ഡോക്ടർ ഇടക്കിടെ പങ്കുവെച്ചിരുന്നു. യുവതിയുടെ ആത്മവിശ്വാസത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.
യുവതിയുടെ മരണത്തിൽ നിരവധി പേർ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.