ഇതുപോലത്തെ ഒരെണ്ണം മതി കുടുംബം വെളുക്കാൻ എന്ന് കാരണവന്മാർ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും അർഥം വ്യക്തമായത് ഇപ്പോഴാണ്. യുകെയിലെ ലിങ്കണ്‍ഷയറിലുള്ള ഒന്‍പതുവയസുകാരി സൂസനാണ് പഴഞ്ചൊല്ല് അന്വർഥമാക്കിയത്. അച്ഛൻ ഇയാൻ ഉറങ്ങിയ നേരം നോക്കി അദ്ദേഹത്തിന്റെ പോക്കറ്റിൽനിന്ന് ക്രെഡിറ്റ് കാർഡ് എടുത്ത് ഡിസ്നിലാൻഡിലേക്ക് ട്രിപ്പ് ബുക്ക് ചെയ്തു. 391 പൗണ്ട് ചെലവുള്ള ഡിസ്നിലാൻഡ് എക്സ്പ്രസ് ട്രെയിനാണ് സൂസനെ ആകർഷിച്ചത്.
അതു കഴിഞ്ഞപ്പോഴാണ് സൂസൻ ഒരു കാര്യമോർത്തത്. ട്രിപ്പ് ബുക്ക് ചെയ്തതുകൊണ്ടു മാത്രമായില്ലല്ലോ. അവിടെയെത്താൻ വിമാനം കയറണം. ഒട്ടും വൈകിയില്ല. 400 പൗണ്ട് ചെലവാക്കി ഫ്ലൈറ്റ് ടിക്കറ്റും ബുക്ക് ചെയ്തു. ഒപ്പം, താമസിക്കാൻ ഹോട്ടലും. എന്തായാലും പാരിസ് വരെ പോകുന്നുണ്ടല്ലോ. ഐഫൽ ടവർ അങ്ങനെ നിൽക്കുന്നുമുണ്ട്. അതും കണ്ടേ പറ്റൂ, 214 പൗണ്ട് ആ വഴി പോയി. ക്രെഡിറ്റ് കാർഡ് അച്ഛന്റെ പോക്കറ്റിൽ നിക്ഷേപിച്ച് പിറ്റേന്നത്തെ യാത്രയും സ്വപ്നം കണ്ട് സൂസൻ ഉറങ്ങി.
പിറ്റേന്ന് വിവരം മനസിലാക്കിയ ഇയാൻ ഞെട്ടി. തന്റെ പേ പാൽ അക്കൗണ്ടു വഴി ഒറ്റരാത്രി കൊണ്ട് യോർക്ക്ഷയർ ബാങ്കിൽനിന്ന് 1005.92 പൗണ്ട് കാണാതായിരിക്കുന്നു. സൂസൻ ഒട്ടും മടിക്കാതെ കാര്യം സമ്മതിച്ചു. ഉടൻ തന്നെ ബാങ്ക് അധികൃതരെ വിവരം ധരിപ്പിച്ചതിനാൽ പണം തിരികെ നല്‍കാമെന്ന് അവർ സമ്മതിക്കുകയായിരുന്നു. തന്റെ പാസ്വേഡ് സൂസൻ എങ്ങനെ കണ്ടുപിടിച്ചെന്ന് ഇയാന്‍ ഇതുവരെ പിടികിട്ടിയിട്ടില്ലത്രേ!