ന്യൂഡൽഹി: വിപണിയിൽ വിൽപ്പനയ്ക്കു വച്ച പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി. ബിഹാറിൽനിന്നു ഡൽഹിയിലെത്തിച്ച പെണ്‍കുട്ടിയെ 3.5 ലക്ഷം രൂപയ്ക്കു വിൽക്കാനായിരുന്നു ഇടപാടുകാരുടെ ശ്രമം. എന്നാൽ പെണ്‍കുട്ടിയെ വാങ്ങാനെന്ന വ്യാജേന ഇടപാടുകാരെ സമീപിച്ച പോലീസ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി ഇടപാടുകാരെ പിടികൂടുകയായിരുന്നു.
ഒരു വർഷം മുന്‍പ് വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകിയാണ് ഇടപാടുകാരിൽ ഒരാൾ പെണ്‍കുട്ടിയെ ഡൽഹിയിൽ എത്തിച്ചത്. ഇതിനുശേഷം ഇയാൾ പെണ്‍കുട്ടിയെ മാംസവ്യാപാരത്തിലേക്കു നിർബന്ധിച്ചു തള്ളിവിടുകയായിരുന്നു. ഇതിനുശേഷമാണ് പെണ്‍കുട്ടിയെ വിൽക്കാൻ ശ്രമിച്ചത്.
വേശ്യാലയ നടത്തിപ്പുകാരെന്ന വ്യാജേനയാണ് പോലീസുകാർ ഇടപാടുകാരെ സമീപിച്ചത്. രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയെ ബിഹാറിലെ വീട്ടിലെത്തിച്ചു.