കയ്യില്‍ ചെറിയൊരു മുഴയുമായാണ് ഷാക്കിബ എന്ന രണ്ടു വയസ്സുകാരി ജനിച്ചത്. കൃത്യ സമയത്ത് തന്നെ മുഴ ചികിത്സിച്ചു മാറ്റാത്തത് ഇന്ന് ഈ കുരുന്നിന്റെ നിത്യ ജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. കയ്യില്‍ വളരുന്ന മൂന്ന് കിലോ ഭാരമുള്ള മുഴ കാരണം ഷാക്കിബയ്ക്ക് കളിക്കാനോ നടക്കാനോ സാധിക്കില്ല. മറ്റ് കുട്ടികളോടൊപ്പം കളിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും മുഴയുടെ ഭാരം കാരണം കുഞ്ഞിന് എഴുന്നേറ്റ് നില്‍ക്കാന്‍ തന്നെ പ്രയാസമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. മുഴ പകരുമെന്ന് ഗ്രാമവാസികള്‍ ഭയക്കുന്നതുകൊണ്ട് കുഞ്ഞിനോടൊത്ത് കളിക്കാന്‍ അവര്‍ കുട്ടികളെ അനുവദിക്കാറുമില്ല.
ചികിത്സയ്ക്ക് ആവശ്യമായ തുക വഹിക്കാന്‍ ഷാക്കിബയുടെ അച്ഛന് വരുമാനമില്ല. ഉടന്‍ ചികിത്സിച്ചു മാറ്റിയില്ലെങ്കില്‍ കുഞ്ഞിന്റെ ജീവനു തന്നെ മുഴ അപകടമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കൈകളില്‍ നിന്ന് നെഞ്ചിലേക്ക് മുഴ വളര്‍ന്നത് ഈ രണ്ട് വയസ്സുകാരിയുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കുകയാണ്. ഷാക്കിബയെ ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ സാധാരണ കുടുംബമായ ഇവര്‍ വിദഗ്ധ ചികിത്സയ്ക്കായുള്ള തുക എവിടെ നിന്ന് കണ്ടെത്തുമെന്ന ആശങ്കയിലാണിപ്പോള്‍. അസുഖം തുടങ്ങിയപ്പോള്‍ തന്നെ ചികിത്സിക്കാത്തതിനാലാണ് കുട്ടിയുടെ കൈ ഇത്രയും പരിതാപകരമായ അവസ്ഥയിലെത്തിയതെന്നാണ് ആളുകള്‍ പറയുന്നത്.