വീടിന്റെ ടെറസിൽ നിന്ന് റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവതി ഇടിമിന്നലിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബീഹാറിലാണ് സംഭവം. മഴയത്ത് നൃത്തം ചെയ്യുന്ന വീഡിയോ ചിത്രീകരിക്കാനാണ് യുവതി ടെറസിലെത്തിയത്. കാമറ ഓൺ ചെയ്തതിന് ശേഷം നൃത്തം ചെയ്യാൻ തുടങ്ങിയപ്പോൾ തീയോടുകൂടിയ മിന്നലും വലിയ ശബ്ദത്തിൽ ഇടിയും വെട്ടി.
വീഡിയോ ചിത്രീകരിക്കുന്നതിനായി കാമറ ഓൺ ചെയ്തുവച്ചിരുന്നതിനാൽ മിന്നലിന്റെ ദൃശ്യങ്ങളും കാമറയിൽ പതിഞ്ഞിരുന്നു. അപ്രതീക്ഷിത സംഭവത്തിൽ ഞെട്ടിപ്പോയ പെൺകുട്ടി ഉടൻ തന്നെ ടെറസിൽ നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു.
പെൺകുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നാണ് വീഡിയോ കണ്ട പലരും സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തിരിക്കുന്നത്. പ്രകൃതി നൽകിയ ഫിൽറ്ററും ലൈറ്റുമെന്നും ഇടിമിന്നലിനെ ചിലർ വിശേഷിപ്പിക്കുകയും ചെയ്തു.
അടുത്തിടെ ബിഹാറിലെ വിവിധ ജില്ലകളിലായി ഇടിമിന്നലിൽ എട്ട് പേർ മരിച്ചിരുന്നു. ഭഗൽപൂരിലും മുൻഗറിലും രണ്ട് പേരും ജാമുയി, ഈസ്റ്റ് ചമ്പാരൻ, വെസ്റ്റ് ചമ്പാരൻ, അരാരിയ ജില്ലകളിൽ ഓരോരുത്തർ വീതവും മരിച്ചെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
അതേസമയം ഇടിമിന്നലേറ്റുണ്ടായ മരണങ്ങളിൽ ദുഖം രേഖപ്പെടുത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, മോശം കാലാവസ്ഥയിൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ദുരന്ത നിവാരണ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും വീടിനുള്ളിൽ തന്നെ തുടരാനും അവരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകാനും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.
Reels nahi rukni chahiye.💃🙂
— NITESH (@Nitesh805181) June 26, 2024
📍Sitamarhi, Bihar#LighteningStrike #Thunder ⚡🌩️ pic.twitter.com/9b1i9YDzNo