ന്യൂഡല്ഹി: വ്യാജപ്രൊഫൈലുകളില് നിന്ന് പെണ്കുട്ടികള്ക്ക് നേരെയുള്ള ആക്രമണം അനുദിനം വര്ധിക്കുകയാണ്. ഇത്തരത്തില് തന്നെ ശല്യം ചെയ്ത ഒരു വ്യാജ പ്രൊഫൈലുകാരനെ പിടിക്കാന് 900 കിലോമീറ്ററാണ് 19കാരിയായ പെണ്കുട്ടി സഞ്ചരിച്ചത്. ഡല്ഹിയില് നിന്ന് മദ്ധ്യപ്രദേശിലെ കണ്ഡവ എന്ന സ്ഥലത്തേക്കാണ് ഇവര് 36 കാരനായ ഭര്ത്താവിനൊപ്പം പൊലീസ് നിര്ദ്ദേശത്തെ തുടര്ന്ന് യാത്ര ചെയ്തത്.
തന്ത്രപരമായി പ്രതിയെ കുടുക്കാനായിരുന്നു ശ്രമം. ഡല്ഹി പൊലീസിലാണ് ഇവര് ആദ്യം പരാതി നല്കിയത്. ഗായികയും മോഡലുമായ ഇവരുടെ പേരില് വ്യാജ പ്രൊഫൈല് ഉപയോഗിച്ച് ഷാകിര് ഹുസൈന് എന്നയാള് നിയമവിരുദ്ധ പ്രവര്ത്തനങ്ങള് നടത്തുന്നതായായിരുന്നു പരാതി. എന്നാല് നടപടിയൊന്നും എടുത്തില്ല. തന്റെ ഒപ്പം രണ്ടു ദിവസം ബംഗളുരുവില് താമസിച്ചാല് ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ്് ചെയ്യാമെന്നും ഹുസൈന് പറഞ്ഞു. ഡല്ഹി പോലീസ് സംഭവത്തില് നടപടിയെടുക്കാഞ്ഞതോടെ ഇവര് മധ്യപ്രദേശിലേക്ക് യാത്ര തിരിച്ചു.
ഇവരുടെ ഭര്ത്താവ് നേരത്തെ കണ്ഡവയിലായിരുന്നു ജോലി ചെയ്തിരുന്നത്. പ്രദേശത്തെ കുറിച്ച് അറിവുണ്ടായതിനാലാണ് 19 കാരി ഭര്ത്താവിനൊപ്പം ഇവിടേക്ക് എത്തിയത്. പിന്നീട് പൊലീസ് നല്കിയ നിര്ദ്ദേശ പ്രകാരം തനിക്ക് സുഖമില്ലെന്നും താന് കണ്ഡവയിലുണ്ടെന്നും അറിയിച്ച് പ്രതിയെ വിളിച്ചു. ഇവര് പറഞ്ഞത് വിശ്വസിച്ച്, ഹുസൈന് എത്തിയപ്പോഴാണ് പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ത്യന് ശിക്ഷ നിയമത്തിലെ 151ാം വകുപ്പ് പ്രകാരമായിരുന്നു അറസ്റ്റ്. എന്നാല് ഒരു മണിക്കൂറിനുളളില് പ്രതിക്ക് ജാമ്യം കിട്ടി. ഇയാള് വീണ്ടും പരാതിക്കാരിയെ ഫോണില് വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യം പരാതിക്കാരി പൊലീസിനെ അറിയിക്കുകയും പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ ഡല്ഹി പൊലീസിന് കൈമാറി.
ന്യൂ അശോക് നഗര് പൊലീസ് സ്റ്റേഷനില് കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്. പരാതിക്കാരിയും ഭര്ത്താവും പൊലീസ് സ്റ്റേഷനില് പരാതി നല്കാന് വന്നിരുന്നെന്ന് ന്യൂഡല്ഹി ഈസ്റ്റ് ഡിസിപി പങ്കജ് കുമാര് സിങ് പറഞ്ഞു. ഇവരുടെ മൊഴി രേഖപ്പെടുത്താന് പൊലീസ് പരാതിക്കാരിയോട് സ്റ്റേഷനിലേക്ക് വരാന് പറഞ്ഞിരുന്നെങ്കിലും അവര് വരാതിരുന്നതാണ് കേസ് രജിസ്റ്റര് ചെയ്യാതിരിക്കാന് കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു. പരാതി നല്കിയ സമയത്തായിരുന്നു പെണ്കുട്ടിയുടെ വിവാഹം നടന്നത്. ഇത് ഹുസൈനെ കോപാകുലനാക്കിയിരുന്നു.
ആദ്യ പരാതി ലഭിച്ചപ്പോള് തന്നെ ഡല്ഹി സൈബര് പൊലീസ് ഹുസൈന് ഉപയോഗിച്ചിരുന്ന പരാതിക്കാരിയുടെ ഒരു വ്യാജ പ്രൊഫൈല് പൂട്ടിച്ചിരുന്നു. എന്നാല് പിന്നീട് ഹുസൈന് കൂടുതല് വ്യാജ പ്രൊഫൈല് ഉണ്ടാക്കി. പരാതിക്കാരിയുടെ വ്യാജ പ്രൊഫൈലിലൂടെ ഇവരുടെ വിവാഹം മുടക്കാന് ഇയാള് ശ്രമം നടത്തി. ഭര്ത്താവാകാന് പോകുന്നയാള് ബലാത്സംഗ കേസിലെ പ്രതിയാണെന്ന് വ്യാജപ്രൊഫൈലില് കുറിച്ചു. ഇതാണ് ഹുസൈനെ നിയമത്തിന് മുന്നിലെത്തിച്ചേ മതിയാകൂ എന്ന നിലയിലേക്ക് പരാതിക്കാരിയെ എത്തിച്ചത്.
”ഞങ്ങളുടെയും അയാളുടെയും കുടുംബങ്ങള് തമ്മില് അടുത്ത സൗഹൃദം ഉണ്ടായിരുന്നു. ഇയാള് ഇടയ്ക്ക് വീട്ടിലേക്ക് വരാറുണ്ടായിരുന്നു. അഞ്ച് വര്ഷമായി ഇയാള് എന്നോട് പ്രണയാഭ്യര്ത്ഥന നടത്തുന്നുണ്ട്. എന്നാല് ഞാന് മറ്റൊരു മതക്കാരനായ ഒരാളെ വിവാഹം കഴിക്കാന് തീരുമാനിച്ചു. ഞാന് മതംമാറാന് പോവുകയാണെന്ന് ഇയാള് എന്റെ വീട്ടുകാരോട് പറഞ്ഞു. പിന്നീടാണ് വ്യാജ പ്രൊഫൈലുകള് വഴി ഭീഷണി ഉണ്ടായത്,” പരാതിക്കാരി പ്രതിയുമായുളള ബന്ധത്തെ കുറിച്ച് വിശദീകരിച്ചു.”അയാള് എന്നെ ബലാത്സംഗം ചെയ്തയാളായി ചിത്രീകരിച്ചു. എന്റെ ഭാര്യയെ അയാള് ഓണ്ലൈന് സംവിധാനങ്ങളിലൂടെ ഉപദ്രവിക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. എന്നാല് ഇയാള് ഇത്രയും പരിധിവിട്ട് പോകുമെന്ന് കരുതിയില്ല,” പരാതിക്കാരിയുടെ ഭര്ത്താവ് പറഞ്ഞു. എന്തായാലും പെണ്കുട്ടികള് ഇത്തരം ധീരമായ നിലപാടുകള് എടുത്താല് ഞരമ്പുരോഗികളുടെ ശല്യം ഒട്ടൊന്നു കുറയുമെന്നു തീര്ച്ച