കാമുകന് പറ്റിച്ചതിനെപ്പറ്റി തുറന്നു പറഞ്ഞ് വികാരാധീനയായി ചൈനീസ് യുവതി. പ്രണയ സമ്മാനമായി കാമുകന് നല്കിയ ഡിസൈനര്‍ ബാഗുകള്‍ എല്ലാം വ്യാജമായിരുന്നു എന്നാണ് യുവതി പറയുന്നത്.
കാമുകന് തനിക്ക് പ്രണയസമ്മാനമായി നല്‍കിയിരുന്നത് ഡിസൈനര്‍ ബാഗുകള്‍ ആയിരുന്നുവത്രേ.
ഒടുവില്‍ ബാഗുകള്‍ നിറഞ്ഞ് മുറിയില്‍ സ്ഥലമില്ലാതായതോടെ കുറേയെണ്ണം വില്ക്കാന് യുവതി തീരുമാനിച്ചു. അപ്പോഴാണ് തന്നെ അയാള്‍ കബളിപ്പിക്കുകയായിരുന്നുവെന്ന് യുവതി മനസിലാക്കിയത്.
വമ്പന്‍ ബ്രാന്ഡുകളുടേതാണെന്ന് പറഞ്ഞ് കാമുകന് നല്‍കിയത് മുഴുവന്‍ വ്യാജ ബാഗുകള്‍ ആയിരുന്നു. ആകെ തകര്‍ന്ന് പോയ യുവതി കാമുകനോട് തന്നെ നേരിട്ട് കാര്യം അന്വേഷിക്കുകയായിരുന്നു.
എന്നാല്‍ അയാളുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു എന്നും യുവതി പറയുന്നു. അയാള്‍ സമ്മാനമായി നല്കിയ ബാഗുകള്‍ എങ്ങനെ വില്ക്കാന് തോന്നിയെന്നും, നിന്റെ പ്രണയം തന്നെ വ്യാജമായത് കൊണ്ടല്ലേ നിനക്ക് അങ്ങനെ ചെയ്യാന്‍ തോന്നിയത് എന്നുമാണ് കാമുകന്റെ ആരോപണം.
എന്നാല്‍ യുവതി പറയുന്നത് താന്‍ ബാഗുകള്‍ വില്‍പ്പനയ്ക്ക് വച്ചത് നന്നായി എന്നാണ്. അതുകൊണ്ടാണ് തനിക്ക് കാമുകന് നല്‍കിയത് വ്യാജ ബാഗുകള്‍ ആണെന്ന് മനസിലാക്കാന്‍ സാധിച്ചത്.
ഇല്ലെങ്കില്‍ താനത് അറിയുകയേ ഇല്ലായിരുന്നു. അയാള്‍ എനിക്ക് ഡിസൈനര്‍ ബാഗുകള്‍ സമ്മാനമായി തന്നതില്‍ ഞാന്‍ വളരെ സന്തോഷിച്ചിരുന്നു.
പക്ഷേ ഇത് ഇങ്ങനെയാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല എന്നും യുവതി കൂട്ടിച്ചേര്‍ത്തു.
വ്യാജ സമ്മാനം നല്കുന്നതിനേക്കാള് യഥാര്‍ത്ഥവും വിലകുറഞ്ഞതുമായ എന്തെങ്കിലും സമ്മാനിച്ചാല്‍ മതിയായിരുന്നുവെന്നും യുവതി പിന്നീട് തന്റെ പോസ്റ്റിലെ കമന്റില്‍ പ്രതികരിച്ചു.
സോഷ്യല്‍ മീഡിയ ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമാണ് ഉയരുന്നത്. കാമുകന് വ്യാജ ഉല്‍പ്പന്നങ്ങള്‍ സമ്മാനമായി നല്‍കിയത് ശരിയായില്ലെന്ന് ചിലര്‍ പറഞ്ഞു.
യുവാവ് വ്യാജ ബാഗുകളാണ് സമ്മാനമായി നല്കിയതെങ്കില് ഒരുപക്ഷേ അദ്ദേഹത്തിന്റെ ഹൃദയവും പ്രണയവും വ്യാജമായിരിക്കാം എന്നും ആളുകള്‍ പ്രതികരിച്ചു.
ബന്ധങ്ങള്‍ പണത്തില്‍ മാത്രം അധിഷ്ഠിതമാകുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ചിലര്‍ കൂട്ടിച്ചേര്‍ത്തു. എന്തായാലും ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.