വീട്ടുജോലിക്കായെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദാരുണമായി പീഡിപ്പിച്ചു. ദിവസങ്ങളോളം ഇരുട്ടിൽ പൂട്ടിയിട്ട് മർദിക്കുകയും സിഗരറ്റ് ഉപയോഗിച്ച് ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.
നാഗ്പൂരിലെ അഥർവ നഗരി സൊസൈറ്റിയിൽ ഒരു കുടുംബം വീട്ടുജോലികൾക്കായി ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന പന്ത്രണ്ട് വയസ്സുള്ള പെൺകുട്ടിയാണ് ക്രൂരമായ മർദനത്തിന് ഇരയായതെന്ന് പോലീസ് പറഞ്ഞു.
തെറ്റ് ചെയ്താൽ ചൂടുള്ള പാത്രവും സിഗരറ്റും ഉപയോഗിച്ച് പെൺകുട്ടിയുടെ ശരീരം പൊള്ളിക്കുമായിരുന്നു. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളുണ്ടായിരുന്നു. വീട്ടുകാർ ബംഗളൂരുവിലേക്ക് പോകുന്നതിനിടെ നാല് ദിവസത്തോളം കുട്ടിയെ വീട്ടിൽ പൂട്ടിയിടുകയും ചെയ്തു.
സഹായത്തിനായി പെൺകുട്ടി കരയുന്നത് അയൽവാസികൾ കേൾക്കുകയും അവൾ ജനലിലൂടെ വീടിന് പുറത്തേക്ക് പോകാൻ ശ്രമിക്കുന്നത് അവർ കാണുകയും ചെയ്തു. തുടർന്ന് അയൽവാസികൾ പെൺകുട്ടിയെ വീട്ടിൽ നിന്ന് പുറത്തിറക്കി ഭക്ഷണവും വെള്ളവും നൽകിയ ശേഷം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
വീടിന്റെ വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് കണക്ഷൻ വിച്ഛേദിച്ചതായി അയൽവാസി പറഞ്ഞു. അതിനാൽ പെൺകുട്ടിയെ രാത്രിയിൽ ഇരുട്ടിലാണ് ആ വീട്ടിൽ കഴിഞ്ഞിരുന്നത്. രാത്രിയിൽ ജനലിലൂടെ അവൾ വീട്ടിൽ നിന്ന് പുറത്തേക്ക് പോകാൻ ശ്രമിക്കുന്നത് അയൽവാസികൾ കണ്ടു. തുടർന്ന് അവരാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് പുറത്തെത്തിച്ചത്.
തുടർന്ന് പെൺകുട്ടിയ്ക്ക് ഭക്ഷണം നൽകുകയും പിന്നാലെ ആവശ്യമായ നടപടിക്കായി അധികൃതരെ വിവരം അറിയിക്കുകയും ചെയ്തതായി ഒരു അയൽവാസി പറഞ്ഞു.
പെൺകുട്ടിയെ നാഗ്പൂരിൽ എത്തിച്ചതിന് ശേഷം മകൾക്ക് വിദ്യാഭ്യാസവും പരിചരണവും നൽകുമെന്ന് വീട്ടുകാർ പെൺകുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.
പെൺകുട്ടിയുടെ മെഡിക്കൽ പരിശോധനയിൽ അവളുടെ ശരീരത്തിൽ സ്വകാര്യഭാഗങ്ങൾ ഉൾപ്പെടെ നിരവധി മുറിവുകളും പൊള്ളലേറ്റ പാടുകളും കണ്ടെത്തിയതായി സാമൂഹിക പ്രവർത്തകയും കൈലാഷ് സത്യാർത്ഥി ചിൽഡ്രൻസ് ഫൗണ്ടേഷന്റെ ഭാഗാമായി പ്രവർത്തിക്കുന്ന ശീതൾ പാട്ടീൽ പറഞ്ഞു.
പെൺകുട്ടി ഇപ്പോൾ ചികിത്സയിലാണ്.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തിനെതിരെ കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.