സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ തെറ്റായ കുത്തിവയ്പ്പ് നൽകിയതിനെ തുടർന്ന് 17 കാരിയായ പെൺകുട്ടി മരിച്ചു. ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം. തുടർന്ന് ആശുപത്രി ജീവനക്കാർ മൃതദേഹം പുറത്ത് നിർത്തിയിട്ടിരുന്ന മോട്ടോർ സൈക്കിളിലേക്ക് വലിച്ചെറിയുകയും മരിച്ച വിവരം പോലും അറിയിക്കാതെ ഓടി രക്ഷപ്പെടുകയുമായിരുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബം പറഞ്ഞു.
ഭാരതിയെ ചൊവ്വാഴ്ച പനി ബാധിച്ചതിനാൽ ഗിരോർ ഏരിയയിലെ കർഹാൽ റോഡിലുള്ള രാധാ സ്വാമി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. പനി കുറഞ്ഞ് വന്നിരുന്നെന്ന് ഭാരതിയുടെ അമ്മായി മനീഷ പറഞ്ഞു. തുടർന്ന് ഡോക്ടർ ഭാരതിയ്ക്ക് ഒരു കുത്തിവയ്പ്പ് നൽകി. തുടർന്ന് ആരോഗ്യനില മോശമായതിനാൽ പെൺകുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ പറഞ്ഞതായും അവർ പറഞ്ഞു.
ഇത് ചോദിച്ചപ്പോൾ ഭാരതി മരിച്ചിരുന്നുവെന്നാണ് അവർ പറഞ്ഞത്. പെൺകുട്ടിയുടെ കുടുംബം ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല. സംഭവസ്ഥലത്തേക്ക് അയച്ച നോഡൽ ഓഫീസർ ഡോക്ടറോ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫോ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര നടപടി സ്വീകരിച്ച് ചീഫ് മെഡിക്കൽ ഓഫീസർ ആശുപത്രി സീൽ ചെയ്തു.
ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഒരു രോഗിയെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ച് ആശുപത്രി സീൽ ചെയ്തെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ആർ സി ഗുപ്ത പറഞ്ഞു.