കോട്ടയം: സ്ഥിരമായി മരുന്നു കഴിക്കേണ്ട ആരോഗ്യ പ്രശ്നമുള്ള 15കാരിക്കും പനി കൂടിയത് പെട്ടെന്നാണ്. വിദേശത്തുനിന്നെത്തി ഹോം ക്വാറന്റയിനിലായ അമ്മയ്ക്കൊപ്പമാണ് പെണ്‍കുട്ടിയും സഹോദരനും കഴിയുന്നത്.
നേരിട്ട് ആശുപത്രിയിൽ പോകുന്നത് ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾക്കെതിരാകുമെന്ന് അറിയാവുന്നതിനാൽ ടെലി കണ്സൾട്ടേഷൻ വിഭാഗത്തിൽ ബന്ധപ്പെട്ടു.
തുടർ നടപടികൾ വേഗത്തിലായിരുന്നു. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടിയാണെന്ന് തിരിച്ചറിഞ്ഞ ടെലി കണ്‍സൾട്ടേഷന്റെ ചുമതലയുള്ള ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോ. അജയ് മോഹൻ ആംബുലൻസ് അയച്ച് മൂവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയ്ക്കുശേഷം പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടു. അമ്മയും മക്കളും മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരുകയാണ്. ഇവരിൽ ആർക്കും കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളില്ല.
മറ്റുള്ളവരുടെ സുരക്ഷയെക്കരുതി പൊതുസന്പർക്കം ഒഴിവാക്കി വീടുകളിൽ കഴിയുന്നവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ടെലി കണ്സൾട്ടേഷൻ നന്പരിലേക്ക് ഏതുസമയത്തും വിളിക്കാം.
സംശയ നിവാരണത്തിനും തുടർ സേവനങ്ങൾക്കുമായി പതിനഞ്ചോളം ഡോക്ടർമാർ ഈ സംവിധാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ട്.
നെഞ്ചുവേദനയെ തുടർന്ന് ടെലി കണ്സൾട്ടേഷൻ നന്പരായ 7034322777 ലേക്കു വിളിച്ച ഹോം ക്വാറന്റയിനിലുള്ള വയോധികനെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പരിശോധന നടത്തി ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരിച്ചു വീട്ടിലെത്തിച്ചു.
ഇതിനു പുറമേ വിദേശ രാജ്യങ്ങളിലെ കൊറോണ ബാധിത മേഖലകളിൽനിന്നുമെത്തുന്നവർക്ക് റിപ്പോർട്ട് ചെയ്യുന്നതിനും രോഗബാധയുമായി ബന്ധപ്പെട്ട പൊതുവായ സംശയ നിവാരണത്തിനും കളക്ടറേറ്റിൽ ഏർപ്പെടുത്തിയിട്ടുള്ള കണ്ട്രോൾ റൂമും ദിവസം മുഴുവൻ ജാഗ്രതയിലാണ്.
രണ്ടു ഷിഫ്റ്റുകളിലായി മുപ്പതോളം പേർ ഇവിടെ പ്രവർത്തിക്കുന്നു. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സന്പർക്കം പുലർത്തിയവരുടെ (പ്രൈമറി കോണ്ടാക്ട്സ്) ആരോഗ്യ സ്ഥിതി കൃത്യമായ ഇടവേളകളിൽ വിലയിരുത്തും.
ഇവർക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആശുപത്രി നിരീക്ഷണത്തിലേക്ക് മാറ്റാൻ ഉടൻ നടപടി സ്വീകരിക്കും. സെക്കൻഡറി കോണ്ടാക്ട് പട്ടികയിലുള്ളവർ ഹോം ക്വാറന്റയിനിൽ തന്നെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതും കണ്ട്രോൾ റൂമിലെ ജീവനക്കാരാണ്.
ഇങ്ങോട്ടുവരുന്ന ഓരോ ഫോണ്കോളിൽനിന്നു വിവരങ്ങൾ കൃത്യമായി ശേഖരിക്കും. സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ സംശയങ്ങൾക്ക് മറുപടി നൽകും.
ആവശ്യമെങ്കിൽ അടിയന്തരമായി തുടർ നടപടി സ്വീകരിക്കുകയും ചെയ്യും. ഇതിനു പുറമേ പനിയുണ്ട്, ചുമയുണ്ട്.. കൊറോണയാണോ എന്ന സംശയവുമായി വിളിക്കുന്ന സാധാരണക്കാർ ഏറെയാണ്. വൈറസിനെക്കുറിച്ച് കൂടുതൽ അറിയേണ്ടവരും സ്വന്തം അറിവുകൾ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നവരുമുണ്ട്.
വിദേശത്തെ മക്കളെയും പേരക്കുട്ടികളെയും കുറിച്ചുള്ള വയോജനങ്ങളുടെ ആശങ്കകളും വിദേശത്തുനിന്നെത്തി ഹോം ക്വാറന്റയിനിൽ കഴിയാതെ കറങ്ങി നടക്കുന്നവരെക്കുറിച്ചുള്ള വിവരവും മാസ്കുകൾ പൂഴ്ത്തിവയ്ക്കുന്നവരെക്കുറിച്ചും വില കൂട്ടി വിൽക്കുന്നവരെക്കുറിച്ചുമുള്ള പരാതികളുമെല്ലാം ഇവിടെയെത്തും.
പക്ഷെ, വിളിക്കുന്ന ആർക്കും നിരാശരാകേണ്ടിവരില്ല. (കണ്ട്രോൾ റൂം നന്പർ 1077, 0481 2581900, 0481 2304800).