നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 74കാരൻ പോലീസ് പിടിയിൽ. നവി മുംബൈയിൽ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെയാണ് കാണാതായത്.
പെൺകുട്ടി വീട്ടിൽ തിരിച്ചെത്താതിനെ തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. നവി മുംബൈയിലെ നെരുൾ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു.
ഉടൻ തന്നെ പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ദൃശ്യങ്ങളിൽ ഒരു വ്യക്തി കുട്ടിയെ കൈകളിൽ എടുത്ത് നടന്നുപോകുന്നത് വ്യക്തമായി കാണാം. റെയിൽവേ സ്റ്റേഷനിലും പരിസരത്തുമുള്ള 150ഓളം സിസിടിവികളാണ് പോലീസ് സംഘം പരിശോധിച്ചത്.
സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രതിയെ തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞു. നവി മുംബൈയിലെ കരവേ ഗ്രാമ പ്രദേശത്ത് നിന്നാണ് ഇയാളെ കണ്ടെത്തിയത്. മണി തോമസ് എന്നയാളാണ് പെൺകുട്ടിയെ വീട്ടിൽ പാർപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
ആദ്യ ഭാര്യയെ നഷ്ടപ്പെട്ട ശേഷം ഇയാൾ പുനർവിവാഹം കഴിച്ചെങ്കിലും അദ്ദേഹത്തിനും രണ്ടാം ഭാര്യക്കും കുട്ടികളില്ലായിരുന്നു. കുട്ടി വേണമെന്ന ആഗ്രഹം കൊണ്ടാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. തുടർന്ന് ഇയാൾ സംസ്ഥാനം വിടാൻ പദ്ധതിയിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
പെൺകുട്ടിയെ പരിക്കേൽക്കാതെ രക്ഷപ്പെടുത്തി മാതാപിതാക്കൾക്ക് നൽകി. തട്ടിക്കൊണ്ടുപോകൽ കുറ്റം ചുമത്തിയ പ്രതി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ഇയാൾക്ക് മറ്റെന്തെങ്കിലും കുട്ടിക്കടത്ത് കേസുകളിൽ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.