ഷിമാ രാജ്
കോഴിക്കോട്: കേരളത്തിൽ ആറു വയസിന് താഴെയുള്ള പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം ക്രമാതീതമായി കുറയുന്നുവെന്നും ശക്തമായ പ്രതിരോധപ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കേണ്ടതുണ്ടെന്നും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ ( കില) റിപ്പോർട്ട് . പെണ്‍കുഞ്ഞുങ്ങൾ കുറയുന്നതിന്റെ കാരണം കേരളത്തിൽ പെണ് ഭ്രൂണഹത്യകൾ പെരുകുന്നതാണെന്ന് വ്യത്യസ്ത സന്നദ്ധ സംഘടനകളും ഏജൻസികളും നടത്തിയ പഠനത്തിൽ കണ്ടെത്തി. 2011 സെൻസസ് കണക്കുകളിൽനിന്ന് സംസ്ഥാനത്ത് സ്ത്രീ-പുരുഷ അനുപാതത്തിൽ സ്ത്രീകൾ എണ്ണത്തിൽ കൂടുതലാണെങ്കിലും ആറ് വയസിന് താഴെയുള്ള പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞതായി കാണാം.
ഇത് സംസ്ഥാനത്ത് ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയവും പെണ്‍ഭ്രൂണഹത്യയും നിർബാധം നടക്കുന്നുവെന്നതിന്റെ തെളിവാണെന്ന് കില പ്രോഗ്രാം കോർഡിനേറ്റർ കെ.ജി. സജീവ് പറഞ്ഞു. 19 വയസിനുതാഴെയുള്ള പെണ്‍കുട്ടികളുടെ അനുപാതവും ആണ്‍കുട്ടികളെ അപേക്ഷിച്ച് സംസ്ഥാനത്ത് കുറവാണ്. കൗമാരപ്രായക്കാരായ പെണ്‍കുട്ടികൾക്കുനേരെ നടക്കുന്ന അക്രമങ്ങളുടെ എണ്ണവും വർധിക്കുന്നതായും പഠനത്തിൽ സൂചനയുണ്ട്.
ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം രാജ്യത്ത് നിയമത്താൽ നിരോധിച്ചതാണ്. എന്നാൽ നിരോധനം നിയമപുസ്തകങ്ങളിൽ മാത്രം ഒതുങ്ങുകയാണ്. സ്കാനിങ്ങ് സെൻററുകളിലും സ്വകാര്യ ആശുപത്രികളിലും പണത്തിന്റെ സ്വാധീനത്താൽ ലിംഗനിർണ്ണയവും ഭ്രൂണഹത്യയും ധാരാളമായി നടക്കുന്നതായി പഠനം പറയുന്നു. എന്നാൽ ഇത്തരത്തിൽ പെണ്‍കുഞ്ഞുങ്ങൾ കുറയുന്നതിന് വൈദ്യശാസ്ത്രപരമായ കാരണങ്ങളുടെയും സ്വാധീനമുണ്ടാകാം എന്നുള്ള ന്യായീകരണങ്ങളും ഉയർന്നുവരുന്നുണ്ട്.
2011 ലെ സെൻസസിൽ എല്ലാ ജില്ലകളിലും പെണ്‍കുട്ടികളുടെ എണ്ണം ഒരുപോലെ കുറയുന്നതായി രേഖകൾ വ്യക്തമാക്കുന്നു.കണക്കനുസരിച്ച് 3,3387,677 ജനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 1,6021,290 പുരുഷൻമാരും,1,7366,387 സ്ത്രീകളും. 1,000 പുരുഷൻമാർക്ക് 1,084 സ്ത്രീകൾ കേരളത്തിലുണ്ടെന്നാണ് കണക്ക്. എന്നാൽ ആറു വയസിനുതാഴെയുള്ള കുഞ്ഞുങ്ങളുടെ അനുപാതത്തതിൽ 1,000 ആണ്‍കുട്ടികൾക്ക് 959 പെണ്‍കുട്ടികളേയുള്ളൂ.19 വയസിന് താഴെയുള്ള കുട്ടികളിൽ 1,000 ആണ്‍കുട്ടികൾക്ക് 964 പെണ്‍കുട്ടികൾ എന്നാണ് കണക്കുകൾ . ആറു വയസിനുതാഴെയുള്ള 33,22,247 കുട്ടികളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ ആണ്‍കുട്ടികളുടെ എണ്ണം 16.95 ലക്ഷവും, പെണ്‍കുട്ടികളുടെ എണ്ണം 16.26 ലക്ഷവുമാണ്. തൃശൂർ (ആയിരം ആണ്‍കുട്ടികൾക്ക് 948 പെണ്‍കുട്ടികൾ ), എറണാകുളം (954), ഇടുക്കി (958), കോട്ടയം (957), ആലപ്പുഴ (947) എന്നിവിടങ്ങളിൽ സംസ്ഥാന ശരാശരിയേക്കാൾ (959) കുറവാണ് പെണ്‍കുട്ടികളുടെ ജനന നിരക്ക്.
ജാഗ്രതാസമിതി
സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവടങ്ങളിലുള്ള സമിതിയാണ് ജാഗ്രതാസമിതി. എന്നാൽ നിലവിൽ നിർജീവമായിരിക്കുന്ന സമിതിയെ പെണ്‍കുഞ്ഞുങ്ങളുടെ എണ്ണത്തിലുള്ള കുറവിനെ പ്രതിരോധിക്കുന്നതിനായി ഉപയോഗിക്കാമെന്ന് കില അസോസിയേറ്റ് പ്രഫസർ പീറ്റർ. എം.രാജൻ പറയുന്നു. ഇതിനുവേണ്ടിയുള്ള ചർച്ചകൾ സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി തുടങ്ങിയ പ്രാദേശിക ഭരണകൂടങ്ങൾക്ക് ജനങ്ങളുടെ ഇടയിലേക്ക് പെട്ടെന്ന് ഇറങ്ങിച്ചെല്ലാൻ സാധിക്കുമെന്നതിനാൽ ജാഗ്രതാസമിതികൾ ഉപയോഗിച്ച് ജനങ്ങൾക്ക് ബോധവത്ക്കരണം, ഭ്രൂണഹത്യയുടെയും ലിംഗനിർണയത്തിൻറെയും ദോഷവശങ്ങൾ, നിയമവശങ്ങൾ എന്നിവയിൽ അവബോധം സൃഷിക്കുകയാണ് പദ്ധതി. പത്ത് വർഷത്തിലൊരിക്കൽ നടക്കുന്ന സെൻസസിനെക്കാളും വർഷാവർഷം നടക്കുന്ന പഞ്ചായത്ത് കണക്കെടുപ്പിലൂടെ കൃത്യമായ വിവരങ്ങൾ ലഭിക്കുമെന്നതും ഈ ഭരണകൂടങ്ങൾക്ക് കീഴിൽ നടക്കുന്ന അങ്കണവാടികളിൽ അന്നന്ന് നടക്കുന്ന പ്രസവങ്ങളുടെ വിവരങ്ങൾ ലഭിക്കുമെന്നതും കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കും.
പെണ്‍കുഞ്ഞുങ്ങളുടെ എണ്ണത്തിൽ ക്രമാതീതമായ കുറവുണ്ടാകുന്നുവെന്ന് തിരിച്ചറിഞ്ഞാൽ പഞ്ചായത്തുകൾക്ക് തന്നെ അതിൻറെ കാരണം അന്വേഷിക്കുകയും, വേണ്ട ഇടപെടലുകൾ നടത്തുകയും ചെയ്യാം. അഭിഭാഷകൻ, ഡോക്ടർ, സാമൂഹികപ്രവർത്തകൻ, പോലീസ് ഓഫീസേഴ്സ്, ജനപ്രതിനിധികൾ തുടങ്ങി ഒന്‍പത് അംഗങ്ങൾ ചേർന്നതാണ് പരിഹാരത്തിലുപരിയായി പ്രതിരോധത്തിന് മുൻതൂക്കം നൽകുന്ന ജാഗ്രതാസമിതിയിലെ അംഗങ്ങൾ. പഞ്ചായത്തുകളിൽ പ്രഡിസൻറും മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവടങ്ങളിൽ ബന്ധപ്പെട്ടവരുമാണ് സമിതിയിയുടെ ചെയർമാൻ. ഇത്തരം പദ്ധതികൾക്ക് പരിശീലനം നൽകുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ ജാഗ്രതാസമിതി യിലെ അംഗങ്ങൾക്ക് പരിശീലനം നൽകും.