തലശേരി: തലശേരിയിലെ സർക്കാർ ഓഫീസിൽ വനിതാ ഉദ്യോഗസ്ഥയെ വിജിലൻസ് സംഘം വസ്ത്രം അഴിച്ചു പരിശോധിച്ചു. വനിതാ ജീവനക്കാരിയുടെ രഹസ്യ ഭാഗങ്ങളിൽ പരിശോധന നടത്തിയപ്പോൾ തടിപ്പ് കണ്ടപ്പോൾ പീരിയഡ്സ് ആണെന്നും പാഡ് ധരിച്ചിരിക്കുകയാണെന്ന് പറഞ്ഞിട്ടും വകവയ്ക്കാതെ വസ്ത്രം അഴിപ്പിച്ചു പരിശോധിച്ചതായി വനിതാ ഉദ്യോഗസ്ഥ വെളിപ്പെടുത്തി.
തനിക്കുണ്ടായ ദുരനുഭവം ഉദ്യോഗസ്ഥ പൊട്ടിക്കരഞ്ഞുകൊണ്ട് സുഹൃത്തിനോട് വിവരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് രാഷ്ട്രദീപികയ്ക്കു ലഭിച്ചു. കഴിഞ്ഞ ദിവസമാണ് തലശേരിയിലെ പ്രധാനപ്പെട്ട സർക്കാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന നടന്നത്.
വൈകുന്നേരം എത്തിയ സംഘം കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാണ് തങ്ങളെ പരിശോധിച്ചതെന്നു ജീവനക്കാർ രാഷ്ട്രദീപികയോടു പറഞ്ഞു. സാമൂഹിക അകലം പാലിക്കാതെ ദേഹപരിശോധന നടത്തി.
വനിതാ ഉദ്യാഗസ്ഥയെ പീരിയഡ്സ് ആണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും വസ്ത്രം അഴിച്ച് പരിശോധിച്ചതു ഗുരുതരമായ തെറ്റാണ്. ഉദ്യോഗസ്ഥരുടെ തെറ്റായ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകുമെന്നും ജീവനക്കാരിൽ ചിലർ വ്യക്തമാക്കി.
പരിശോധനയിൽ നിയമ വിരുദ്ധമായിട്ടൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഫയലുകളെല്ലാം ഈ ഓഫീസിൽ യഥാ സമയം തീർപ്പ് കൽപ്പിക്കാറുണ്ട്.
ഊമ കത്തുകളും അടിസ്ഥാന രഹിതമായ പരാതികളുമാണ് ഓഫീസിന് എതിരെ ഉയരുന്നത്. ഒരു പരാതിക്കാരൻ പോലും നേരിട്ടെത്താറില്ലെന്നും പരിശോധന നടന്ന സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥ വ്യക്തമാക്കി.