ബാഴ്സലോണ: തുടർച്ചയായുള്ള ജയത്തോടെ സ്പാനിഷ് ലാ ലിഗയിൽ മുന്നേറിക്കൊണ്ടിരുന്ന ബാഴ്സലോണ ജിറോണയ്ക്കു മുന്നിൽ സമനിലയിൽ കുടുങ്ങി. 35-ാം മിനിറ്റിൽ ക്ലെമന്റ് ലെങ്ലെറ്റ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ബാഴ്സലോണ പത്തുപേരായി ചുരുങ്ങി.
ലെങ്ലെറ്റിന്റെ പുറത്താകലും പരിശീലകൻ ഏർപ്പെടുത്തിയ ടീം റൊട്ടേഷന്റെ ഭാഗമായി ചില പ്രമുഖർ കരയ്ക്കിരുന്നതുമാണ് ടീമിന്റെ സമനിലയ്ക്കു കാരണം. റൊട്ടേഷൻ സന്പ്രദായത്തെ നിശിതമായി വിമർശിച്ച് ആരാധകർ രംഗത്തെത്തുകയും ചെയ്തു. ബാഴ്സലോണയുടെ ഗോളുകൾ മെസിയും (19-ാം മിനിറ്റ്) ജെറാർഡ് പിക്വയും (63-ാം മിനിറ്റ്) നേടിയപ്പോൾ ജിറോണയുടെ രണ്ടു ഗോളുകളും ക്രിസ്റ്റൻ സ്റ്റുവാനിയുടെ (45, 51 മിനിറ്റുകൾ) വകയായിരുന്നു.
മികച്ച കളിയുമായി മുന്നേറിയിരുന്ന ബാഴ്സ വിദാലിന്റെ അസിസ്റ്റിൽ നിന്ന് മെസിയുടെ ഗോളിലൂടെ മുന്നിലെത്തി. എന്നാൽ, എതിർ പ്രതിരോധ താരത്തെ മുട്ടു കൊണ്ടിടിച്ചതിന് ലെങ്ലെറ്റിനു ചുവപ്പു കാർഡ് ലഭിച്ചതോടെയാണ് കളിയുടെ ഗതി മാറി. പിന്നീട് തുടർച്ചയായ മുന്നേറ്റങ്ങൾ നടത്തിയ ജിറോണ ആദ്യ പകുതിക്കു തൊട്ടു മുൻപു തന്നെ സ്റ്റുവാനിയിലൂടെ സമനില നേടി. പിക്വയുടെ പ്രതിരോധപ്പിഴവിൽ നിന്നായിരുന്നു ഗോൾ.
രണ്ടാം പകുതി തുടങ്ങി ആറു മിനിറ്റിനകം ജിറോണ രണ്ടാം ഗോൾ നേടി. ഇതോടെ ഇവാൻ റാക്കിറ്റിച്ച്, കുട്ടീഞ്ഞോ എന്നിവരെ ബാഴ്സ കളത്തിലിറക്കി. അതിനുശേഷം പത്തു പേരാണെന്നതിന്റെ പോരായ്മ പ്രകടിപ്പിക്കാതെ തുടരെ ആക്രമണങ്ങൾ നടത്തിയ ബാഴ്സലോണ പിക്വയിലൂടെ സമനില ഗോൾ നേടി.
പിന്നീട് കളിയവസാനിക്കുന്നതു വരെ ബാഴ്സ മാത്രമാണ് മേധാവിത്വം പുലർത്തിയതെങ്കിലും വിജയഗോൾ പിറന്നില്ല. മെസിയുടെ ഫ്രീ കിക്ക് ക്രോസ് ബാറിൽ തട്ടി പോയതിനു പുറമേ കുട്ടീഞ്ഞോ, ഉംറ്റിറ്റി എന്നിവർക്കു ലഭിച്ച അവസരങ്ങൾ നേരിയ വ്യത്യാസത്തിൽ പുറത്തു പോയതും ബാഴ്സയെ സമനിലയിൽ തളച്ചു. മറ്റു മത്സരങ്ങളിൽ സെവിയ്യ എഫ്സി 6-2ന് ലെവാന്റയെ മറികടന്നു.