തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസുകാരിയോടു പൊലീസിസ് ക്രൂരത കാട്ടിയതായി ആരോപിച്ച് മാതാപിതാക്കൾ മാധ്യമങ്ങൾക്കു മുന്നിൽ.
കഴിഞ്ഞ ഫെബ്രുവരിയിൽ ബാലരാമപുരത്താണ് സംഭവം. അമിത വേഗതയുണ്ടെന്ന പേരില്‍ പിടിച്ച കാറില്‍ മൂന്ന് വയസ്സുകാരിയെ തനിച്ചാക്കി പൊലീസുദ്യോഗസ്ഥന് കാർ ലോക്ക് ചെയ്തതായി മാതാപിതാക്കളായ ഷിബുകുമാറും ഭാര്യയും മാധ്യമങ്ങളോടു പറഞ്ഞു.
ഫെബ്രുവരി 23 ന് രാവിലെ 11 ന് ധനുവച്ചപുരത്ത് നിന്ന് ഷിബുകുമാറും ഭാര്യയും മൂന്ന് വയസ്സുകാരിയായ മകളും കാറില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു.
ബാലരാമപുരത്തിന് തൊട്ടുമുമ്പ് വാഹനവേഗത പരിശോധിക്കുന്ന ഇന്റര്‍സെപ്ടര്‍ വാഹനത്തിലുണ്ടായ പൊലീസുദ്യോഗസ്ഥര്‍ ഷിബുകുമാറിന്റെ വാഹനം തടഞ്ഞു നിര്‍ത്തി അമിത വേഗതയ്ക്ക് 1500 രൂപ പിഴ വേണമെന്ന് ആവശ്യപ്പെട്ടു.
ഒന്നര വര്‍ഷത്തിലേറെയായി കൊവിഡ് കാരണം വരുമാനം ഇല്ലാതായത് ചൂണ്ടിക്കാട്ടിയെങ്കിലും ഒടുവില്‍ ഒരു മണിക്കൂറിന് ശേഷം പിഴയടച്ച് മടങ്ങുമ്പോള്‍ അതിവേഗതയില്‍ പോകുന്ന മറ്റ് വാഹനങ്ങളുടെ കാര്യം പൊലീസുദ്യോഗസ്ഥനോട് പറഞ്ഞതോടെ ഷിബുവിനെ മര്‍ദിക്കാനൊരുങ്ങി.
ഇത് കണ്ട് ഷിബുവിന്റെ ഭാര്യ കാറിന്റെ പുറത്തിറങ്ങി ഫോണില്‍ വീഡിയോ ചിത്രീകരിച്ചു.
ഇതോടെ പോലീസ് താക്കോല്‍ ഊരി ഡോര്‍ ലോക്ക് ചെയ്ത് പൊലീസ് ജീപ്പിലേക്ക് നടന്നുപോയി. അപ്പോള്‍ കാറില്‍ തനിച്ചിരിക്കുകയായിരുന്ന മൂന്ന് വയസ്സുകാരി നിലവിളിക്കുന്നുണ്ടായിരുന്നു.
സംഭവത്തിനുശേഷം ഇതേപ്പറ്റി ഷിബുവും ഭാര്യയും പരാതി കൊടുത്തിരുന്നില്ല.
പക്ഷെ കഴിഞ്ഞ ദിവസം തോന്നയ്ക്കലില്‍ എട്ടുവയസ്സുകാരിയുടെ മുന്നില്‍ അച്ഛനെ മൊബൈൽ മോഷ്ടാവായി ചിത്രീകരിച്ച പൊലീസിന്റെ ക്രൂരത കണ്ടാണ് ഈ സംഭവം വെളിപ്പെടുത്തുന്നതെന്ന് ഷിബുകുമാർ പറയുന്നു.