ന്യൂയോർക്ക്: അന്തരിച്ച അമേരിക്കൻ ധനകാര്യ വിദഗ്ധൻ ജഫ്രി എപ്സ്റ്റെയിനു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അടക്കം ലൈംഗീക ചൂഷണത്തിനായി എത്തിച്ചുകൊടുത്തുവെന്ന കേസിൽ ബ്രിട്ടീഷ് വനിത ഗിസ്ലെയ്ൻ മാക്സ്വെൽ കുറ്റക്കാരിയാണെന്നു ന്യൂയോർക്ക് കോടതി ജൂറി കണ്ടെത്തി. ലോകം മുഴുവൻ ശ്രദ്ധിച്ച കേസിൽ ശിക്ഷ പിന്നീട് വിധിക്കും. ജീവപര്യന്തം തടവു ലഭിക്കാനാണു സാധ്യത.
സമൂഹത്തിലെ ഉന്നതരുടെ കൂട്ടങ്ങളിൽ പ്രമുഖസ്ഥാനം അലങ്കരിച്ചിരുന്ന മാക്സ്വെൽ 2020ലാണ് അറസ്റ്റിലായത്. 1994നും 2004നും ഇടയ്ക്ക് എപ്സ്റ്റെയിന്റെ പീഡനത്തിനിരയായ നാലു പേർ മാക്സ്വെല്ലിനെതിരെ മൊഴികൊടുത്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതടക്കമുള്ള കേസുകളിൽ വിചാരണ കാത്തുകഴിയുകയായിരുന്ന എപ്സ്റ്റെയിൻ 2019ൽ ജയിലിൽ ജീവനൊടുക്കി.
കുപ്രസിദ്ധ ബ്രിട്ടീഷ് മാധ്യമ മുതലാളി റോബർട്ട് മാക്സ്വെല്ലിന്റെ മകളായ ഗിസ്ലെയ്ൻ 1991ൽ പിതാവിന്റെ മരണശേഷമാണ് അമേരിക്കയിലെത്തി എപ്സ്റ്റെയിനുമായി അടുപ്പത്തിലായത്.