ദിവസവും ഇരുപത്തിരണ്ടര കിലോമീറ്റർ കൊച്ചുമകനെ വീൽചെയറിലിരുത്തി സ്കൂളിലേക്കു പോകുന്ന മുത്തശിയുടെ കഥ സോഷ്യൽ മീഡിയയുടെ കൈയടി നേടിയെടുക്കുന്നു.ചൈനയിലുള്ള എഴുപത്തിയാറുകാരിയായ ശി യുയിംഗ് എന്ന മുത്തശിയാണ് ആരോഗ്യ പ്രശ്നമുള്ള കൊച്ചുമകൻ ജിയാംഗ് ഹാവെനെ, ഗുവാൻസി പ്രവശ്യയിലുള്ള സ്കൂളിലേക്ക് കഴിഞ്ഞ നാലുവർഷമായി വീൽ ചെയറിൽ കൊണ്ട് പോകുന്നത്.
സെറിബ്രൽ പാഴ്സി( തലച്ചോറിനെ ബാധിക്കുന്ന തളർവാതം ) എന്ന രോഗമാണ് ജിയാംഗ് ഹാവെന്റെ പ്രശ്നം. ജിയാംഗിന് രണ്ടു വയസുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചനം നേടിയതാണ്. തുടർന്ന് ജിയാംഗിന്റെ അമ്മ നിരവധി തവണ വിവാഹം കഴിച്ചു. എന്നാൽ അച്ഛൻ ഗുയിലിനിൽ ജോലി ചെയ്യുകയാണ്. അദ്ദേഹമാണ് ജിയാംഗിന്റെ ചികിത്സ ചിലവുകൾ വഹിക്കുന്നത്.
ജിയാംഗിനെ സ്കൂളിലേക്ക് കൊണ്ടുപോകുകയും തിരികെ കൊണ്ടു വരികയും മാത്രമല്ല ഈ മുത്തശി ചെയ്യുന്നത്. ജിയാംഗിന്റെ കാലിൽ തിരുമ്മുകയും, ആവശ്യമായ മരുന്നുകൾ തയാറാക്കുകയും, നടക്കാൻ പരിശീലിപ്പിക്കുകയും ചെയ്യും. എന്റെ കാലുകൾക്ക് ആരോഗ്യമുള്ളടത്തോളം കാലം ജിയാംഗുമായുള്ള യാത്ര ഞാൻ തുടരുമെന്നാണ് ശി യുയിംഗ് പറയുന്നത്.
മുത്തശിയുടെ നിരന്തരമായ പരിചരണത്തിന്റെ ഫലമായി ജിയാംഗിന്റെ അവസ്ഥയിൽ നേരിയ മാറ്റം കണ്ടു വരുന്നുണ്ട്. മറ്റൊരാളുടെ സഹായത്തോടെ അൽപ ദൂരം സഞ്ചരിക്കാൻ ജിയാംഗിന് ഇപ്പോൾ സാധിക്കും. എന്നാൽ ഇപ്പോഴും പേന കൈയിൽ പിടിക്കാനുള്ള ബുദ്ധിമുട്ട് ജിയാംഗിനെ അലട്ടുന്നുണ്ട്. ആരോഗ്യപരമായി പ്രശ്നങ്ങളുണ്ടെങ്കിലും പഠനത്തിൽ മിടുക്കനാണ് ജിയാംഗ്. ചികിത്സക്കായി സന്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിലും ജിയാംഗിന്റെ ആരോഗ്യം മെച്ചപ്പെടുകയാണ് ലക്ഷ്യമെന്ന് ശി യുയിംഗ് ഉറപ്പിച്ചു പറയുന്നു.