പയ്യന്നൂർ: രാവിലെ ആകാശത്തിന്റെ കിഴക്കു ഭാഗത്ത് നാലു ഗ്രഹങ്ങൾ ഒത്തുകൂടുന്ന മനോഹര കാഴ്ച നാളെ മുതൽ കാണാം.
ബുധൻ, ശുക്രൻ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളാണ് രാവിലെ കിഴക്കൻ ആകാശത്ത് പ്രത്യക്ഷപ്പെടുന്നത്.
മകരം നക്ഷത്രഗണത്തിലാണ് എല്ലാ ഗ്രഹങ്ങളും. കേരളത്തിൽ എല്ലായിടത്തും ഈ അപൂർവ ഗ്രഹസംഗമം കാണാൻ കഴിയും.
ആകാശത്ത് അപൂർവമായി മാത്രം കണ്ടുപിടിക്കാൻ കഴിയുന്ന ബുധൻ എന്ന കൊച്ചുഗ്രഹത്തെ വ്യക്തമായി ഈ കൂട്ടത്തിൽ കാണാൻ കഴിയും എന്ന പ്രത്യേകത കൂടിയുണ്ട്.
വ്യാഴത്തിന്റെയും ശനിയുടെയും ഇടയിലായിരിക്കും ബുധന്റെ സ്ഥാനം.
പുലർച്ചെ 4.30 മുതൽ സൂര്യപ്രഭയിൽ മറയുന്നതുവരെ ഈ ഗ്രഹങ്ങളെ നഗ്നനേത്രം കൊണ്ടു കാണാം.
ഇവയിൽ ശുക്രൻ ഫെബുവരി അവസാനത്തോടെ ദൃഷ്ടിപഥത്തിൽനിന്നു മറയുകയും പിന്നീട് സന്ധ്യക്ക് പടിഞ്ഞാറുഭാഗത്ത് പ്രത്യക്ഷപ്പെടുകയും ചെയ്യും.
എന്നാൽ മറ്റുള്ളവയെ മാർച്ച് അവസാനം വരെ രാവിലെ ഈ ഭാഗത്തുതന്നെ കാണാൻ കഴിയും.