ബംഗളൂരു: കർണാടക മുഖ്യമന്ത്രിസ്ഥാനത്തുനിന്നു ബി.എസ്. യെദിയൂരപ്പയെ നീക്കുമെന്ന റിപ്പോർട്ടിനിടെ യെദിയൂരപ്പയുടെ പിൻഗാമിയെ സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്തമായി.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി, ബിജെപി ദേശീയ ഓർഗൈനസിംഗ് സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരുടെ പേരുകൾക്കാണു മുൻഗണനയെന്നാണു റിപ്പോർട്ട്.
ജോഷിയും സന്തോഷും ബ്രാഹ്മണ വിഭാഗക്കാരാണ്, രവി വൊക്കലിഗ സമുദായക്കാരനും. ബ്രാഹ്മണ സമുദായക്കാരനായ സ്പീക്കർ വിശ്വേശ്വർ ഹെഗ്ഡെ കഗേരിയുടെ പേരും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പറയുന്നുണ്ട്.
1988ൽ രാമകൃഷ്ണ ഹെഗ്ഡെ മുഖ്യമന്ത്രിയായശേഷം കർണാടകയിൽ ബ്രാഹ്മണർ ആരും ഈ സ്ഥാനത്ത് എത്തിയിട്ടില്ല.
വീരശൈവ-ലിംഗായത്ത് വിഭാഗത്തിലെ അനിഷേധ്യ നേതാവായ യെദിയൂരപ്പയ്ക്കു പകരക്കാരനായി ലിംഗായത്ത് വിഭാഗക്കാരനെ കൊണ്ടുവരികയാണെങ്കിൽ ഖനന വകുപ്പ് മന്ത്രി മുരുഗേഷ് നിരാനിക്കോ അരവിന്ദ് ബെല്ലാഡ് എംഎൽഎയ്ക്കോ ആണു സാധ്യത കല്പിക്കുന്നത്.
ബിസിനസിൽനിന്നു രാഷ്ട്രീയത്തിലെത്തിയ നിരാനി ഈയിടെ നിരന്തരം ഡൽഹി യാത്ര നടത്തിയതു രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചയായിരുന്നു.
യെദിയൂരപ്പയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നവരുടെ ഗണത്തിലാണ് അരവിന്ദ് ബെല്ലാഡ്. തന്റെ ഫോൺ ചോർത്തിയെന്നും കേസിൽ കുടുക്കാൻ ശ്രമിച്ചെന്നും ബെല്ലാഡ് ആരോപിച്ചിരുന്നു.
യെദിയൂരപ്പയുടെ കടുത്ത എതിരാളിയായ മുതിർന്ന നേതാവ് ബസനഗൗഡ പാട്ടീൽ യാത്നലിന്റെ പേരും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർന്നിരുന്നു.
ഇദ്ദേഹവും ലിംഗായത്ത് വിഭാഗക്കാരനാണ്. എന്നാൽ, സർക്കാരിനെതിരേ യാത്നൽ നടത്തിയ നിരന്തര വിമർശനങ്ങൾ അദ്ദേഹത്തിനു വിലങ്ങുതടിയാകുമെന്നാണു സൂചന.
താൻ മുഖ്യമന്ത്രിസ്ഥാനത്തേക്കില്ലെന്നും സത്യസന്ധനായ നേതാവിനെ ബിജെപി നേതൃത്വം കണ്ടെത്തുമെന്നും യാത്നൽ പറഞ്ഞു.
ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ(ലിംഗായത്ത്), റവന്യു മന്ത്രി ആർ. അശോക, ഉപമുഖ്യമന്ത്രി അശ്വത് നാരായൺ(ഇരുവരും വൊക്കലിഗ), മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ(ലിംഗായത്ത്) എന്നിവരെയും മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്.
ഇതിനിടെ, യെദിയൂരപ്പയെ മാറ്റുന്നതിനെതിരേ വീരശൈവ-ലിംഗായത്ത് മഠാധിപതികൾ രംഗത്തെത്തി.
യെദിയൂരപ്പയെ മാറ്റിയാൽ കർണാടകയിൽ ബിജെപി തകർച്ച നേരിടേണ്ടി വരുമെന്ന് അവർ മുന്നറിയിപ്പു നല്കുന്നു. കർണാടകയിലെ ജനസംഖ്യയിൽ 16 ശതമാനം വരുന്ന പ്രബല വിഭാഗമാണു ലിംഗായത്ത്.