കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ സ്വീകരണത്തിനിടെ പ്രവർത്തകന്റെ കൈതട്ടി കൊല്ലം എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണ കുമാറിന് കണ്ണിന് പരിക്കേറ്റു. കുണ്ടറ മുളവന ചന്തമുക്കിൽ ശനിയാഴ്ച വൈകിട്ട് അഞ്ചിനാണ് അപകടമുണ്ടായത്.
ഉടൻതന്നെ അദ്ദേഹത്തെ കുണ്ടറയിലെ സ്വകാര്യ കണ്ണാശുപത്രിയിൽ എത്തിച്ച് പ്രാഥമികശുശ്രൂഷ നൽകി. ഡോക്ടർ വിശ്രമം നിർദേശിച്ചെങ്കിലും ആശുപത്രിയിൽ നിന്ന് സ്ഥാനാർഥി വീണ്ടും പരിപാടികളിൽ പങ്കെടുത്തു.
തനിക്കെതിരേ ഉണ്ടായത് ബോധപൂര്‍വമായ അക്രമണമാണെന്ന് കൃഷ്ണ കുമാർ പറഞ്ഞു. തിക്കും തിരക്കുമുണ്ടാക്കി ആരോ അപ്രതീക്ഷിതമായി കൂര്‍ത്ത എന്തോ വസ്തുകൊണ്ട് തന്നെ കണ്ണില്‍ കുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ സ്ഥിരം പരിപാടിയാണെന്ന് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞിരുന്നുവെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.