ഉള്ളതുകൊണ്ട് തൃപ്തിപ്പെടണം, വളഞ്ഞ വഴിയിലൂടെ ചിലതു നേടാൻ ശ്രമിച്ചാൽ ചിലപ്പോൾ തിരിച്ചടിക്കും.
അത്യാവശ്യം സൗന്ദര്യമുണ്ടായിരുന്ന ഒരു മുപ്പതുകാരി ഇപ്പോൾ ഇത്തരമൊരു കെണിയിൽ കൊണ്ടു മുഖം വച്ചുകൊടുത്തിരിക്കുകയാണ്.
സൗന്ദര്യം അല്പംകൂടി കൂട്ടണമെന്ന മോഹം പുള്ളിക്കാരിക്കു കുറെ നാളായി ഉണ്ടായിരുന്നു. കവിളുകളൊക്കെ അല്പംകൂടി തുടുത്തിരുന്നാൽ എന്തൊരു ഭംഗിയായിരിക്കും.
മോഹം കലശലായതോടെ അതിനുള്ള വഴികൾ തേടി. അങ്ങനെ ആരോ പറഞ്ഞു സിലിക്കൺ കുത്തിവച്ചാൽ കവിൾ നന്നായി തുടുത്തു കൂടുതൽ സുന്ദരിയാകും!
അതിനൊപ്പം കവിൾ തുടുത്തവരുടെ ചില കഥകൾകൂടി കേട്ടതോടെ ഇരിക്കപ്പൊറുതിയില്ലാതായി.
പക്ഷേ, ഈ സൗന്ദര്യ ചികിത്സയ്ക്കു ഇത്തിരി പണം മുടക്കണം. എങ്ങനെയൊക്കെയോ പണം സംഘടിപ്പിച്ചു സുന്ദരിയാകാൻ തീരുമാനിച്ചു.
അങ്ങനെ 2017ലാണ് മുഖസൗന്ദര്യം കൂട്ടാനായി ബ്രസീൽ സ്വദേശിനി ജൂജൂ ഒലിവെയ്റ എന്ന ട്രാൻസ് വുമൺ മുഖത്തു സിലിക്കൺ കുത്തിവച്ചത്.
എന്നാൽ, കഷ്ടകാലം എന്നല്ലാതെ എന്തു പറയാൻ. വെളുക്കാൻ തേച്ചത് പാണ്ടായി. ചികിത്സ ഉദ്ദേശിച്ച ഫലം നൽകിയില്ലെന്നു മാത്രമല്ല ജൂജുവിന്റെ ഉണ്ടായിരുന്ന സൗന്ദര്യംകൂടി നഷ്ടപ്പെടുകയും ചെയ്തു.
മുഖം ഉരുണ്ടു
250 മില്ലിലിറ്റർ സിലിക്കൺ ആണ് ജൂജുവിന്റെ മുഖത്തു കുത്തിവച്ചത്. ചികിത്സ കഴിഞ്ഞതോടെ കവിൾ ഫുട്ബോൾ പോലെ വീർത്തു.
ഭാരം താങ്ങാനാവാതെ ഇരുകവിളുകളും താഴേക്കു തൂങ്ങി. ജൂജുവിന്റെ മാറ്റത്തെ പലരും സഞ്ചി തൂക്കിയിട്ടിരിക്കുന്നതുപോലെ എന്നുൾപ്പെടെ പറഞ്ഞ് അധിക്ഷേപിക്കാൻ തുടങ്ങി.
ഇതോടെ എങ്ങനെയെങ്കിലും പഴയ രൂപത്തിലേക്കു മടങ്ങിയാൽ മതിയെന്നായി. എന്നാൽ, അതിനു നല്ല ചെലവു വരുന്ന മറ്റൊരു ശസ്ത്രക്രിയ വേണം.
ശസ്ത്രക്രിയ വേണോ വേണ്ടയോ എന്ന തീരുമാനത്തിലെത്താനാകാതെ ജൂജു കുറേയേറെ നാളുകൾ തള്ളിനീക്കിയെങ്കിലും ദിവസേന സമൂഹമാധ്യമങ്ങളിൽ കൂടിക്കൂടിവന്ന ആക്ഷേപവും പരിഹാസവും നിറഞ്ഞ കമന്റുകൾ അവരെ തളർത്തി.
അതേസമയം, പിന്തുണ നൽകി ഒപ്പം നിന്നവർ അവൾക്കു ധൈര്യം പകർന്നു.
പഴയ മുഖം തേടി
ഒടുവിൽ സമൂഹമാധ്യമത്തിലൂടെ തന്നെ ശസ്ത്രക്രിയയ്ക്കുള്ള സഹായം തേടി ജൂജു എത്തി.
കളിയാക്കലുകൾക്കുള്ള മറുപടിക്കൊപ്പം പഴയ മുഖത്തിലേക്കു തിരികെപോകാൻ സഹായിക്കണം എന്ന അഭ്യർഥനയുമായാണ് ജൂജു ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്. മുപ്പത്തിയെണ്ണായിരത്തോളം ആളുകളാണ് ജൂജുവിനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്.
ശസ്ത്രക്രിയയ്ക്കുള്ള ധനസമാഹരണത്തിന് എല്ലാവരും സഹായിക്കണം എന്ന് ജൂജു അഭ്യർഥിച്ചു. 2020 സെപ്റ്റംബറിൽ പോസ്റ്റ് ചെയ്ത വീഡിയയോയ്ക്കു വിമർശനവും പിന്തുണയും ഒരുപോലെ ലഭിച്ചു.
ഫണ്ട് സമാഹരണത്തിനായി ജൂജു പ്രത്യേക പേജും ആരംഭിച്ചിരുന്നു. എന്നാൽ, ശസ്ത്രക്രിയയ്ക്ക് ആവശ്യമായ തുകയുടെ പകുതി മാത്രമാണ് അയച്ചുകിട്ടിയത്.
മോഹം ഉപേക്ഷിച്ചു
ആവശ്യമായ തുക കണ്ടെത്താനാകാത്തതിനാൽ ശസ്ത്രക്രിയ വേണ്ടെന്നു തീരുമാനിക്കുകയാണെന്നും ഇപ്പോഴത്തെ മുഖത്തോടെ മുന്നോട്ടു ജീവിക്കാനാണു തീരുമാനമെന്നും ഒടുവിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ജൂജു പറയുന്നു.
ഈ മുഖവുമായി ജീവിക്കുന്പോൾ മുന്നോട്ടുള്ള വഴികളിലും എനിക്കു നിരന്തരമായി കളിയാക്കലുകൾ ഏറ്റുവാങ്ങേണ്ടി വരുമെന്നും ജൂജു വീഡിയോയിൽ പറഞ്ഞു.
എങ്കിലും ഈ മുഖം എല്ലാവർക്കുമുള്ള ഒരു മുന്നറിയിപ്പാണ്. സൗന്ദര്യം കൂട്ടാൻ എന്തു സാഹസവും ചെയ്യാൻ മടിക്കാത്തവർക്കുള്ള മുന്നറിയിപ്പ്.
ശസ്ത്രക്രിയ ചെയ്യുന്നില്ലെങ്കിൽ സമൂഹമാധ്യമങ്ങളിലൂടെ ജൂജു സമാഹരിച്ച പണം എന്തുചെയ്തു എന്നതായിരുന്നു ഒരു വിഭാഗത്തിന്റെ ചോദ്യം.
അതേസമയം, ആ പണമുപയോഗിച്ച് ജൂജു ബൈക്ക് വാങ്ങി എന്ന വാദവുമായി മറ്റൊരു വിഭാഗം രംഗത്തെത്തി.
എന്നാൽ, പണം ഉപയോഗിച്ചു ബൈക്ക് വാങ്ങിയില്ലെന്നും ആ തുക ഒരു സന്നദ്ധ സംഘടനയ്ക്കു സംഭാവനയായി നൽകിയെന്നും ജൂജു വീഡിയോയിൽ പറഞ്ഞു.
സൗന്ദര്യം വീണ്ടെടുക്കാനായില്ലെങ്കിലും സാരമില്ലെന്നും കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനായി സിലിക്കൺ ശരീരത്തിൽനിന്നു നീക്കം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ആരെങ്കിലും എന്നെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണവർ.