പയ്യന്നൂർ: മുടി മുറിക്കാനും ഷേവ് ചെയ്യാനും കുറഞ്ഞ തുക ഈടാക്കുന്നുവെന്ന കാരണത്താൽ ബാർബർ ഷോപ്പ് ഉടമയെ വധിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ ബാർബർ ഷോപ്പ് അജ്ഞാതസംഘം അടിച്ചുതകർത്തു.
കരിവെള്ളൂർ പെരളത്തെ നെല്ലിവളപ്പിൽ വിനോദി(40) ന്റെ പെരളത്തെ സരു സ്റ്റോറിൽ പ്രവർത്തിക്കുന്ന ഗ്ലാമർ സലൂൺ ആണ് ഇന്നലെ പുലർച്ചെ അജ്ഞാതസംഘം തകർത്തത്.
കടയുടെ ഗ്ലാസുകളും ഫർണിച്ചറുകളും എസിയും തകർത്തിട്ടുണ്ട്. ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഏഴിലോട് അത്തിപ്പറമ്പ് സ്വദേശിയും പെരളത്തെ ബാർബർ ഷോപ്പ് ഉടമയുമായ ഗണപതിച്ചാൽ കൃഷ്ണനെ (60) കഴിഞ്ഞ ജൂലൈ എട്ടിന് വധിക്കാൻ ശ്രമിച്ച കേസിലാണ് വിനോദ് റിമാൻഡിൽ കഴിയുന്നത്.
ഈ കേസിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ കാഞ്ഞങ്ങാട് അജാനൂർ പുല്ലൂരിലെ വെള്ളനാട് വീട്ടിൽ സുനിൽകുമാർ (32), എം.അനിൽകുമാർ (38) എന്നിവരെയും പരിയാരം എസ്ഐ വി.ആർ. വിനീഷ് അറസ്റ്റ് ചെയ്തിരുന്നു.
വിദേശത്തുനിന്ന് നാട്ടിലെത്തിയ കൃഷ്ണൻ 2012-ലാണ് ബാർബർ ഷോപ്പ് ആരംഭിച്ചത്. ഞായറാഴ്ചകളിൽ കട തുറക്കുകയും കുറഞ്ഞ കൂലി ഈടാക്കുകയും ചെയ്തതോടെ അടുത്ത് ബാർബർ ഷോപ്പ് നടത്തുന്ന വിനോദ് ഇതിനെ ചോദ്യംചെയ്യുകയും യൂണിയനിൽ പരാതി നൽകുകയും ചെയ്തു.
യൂണിയൻ നേതാക്കളെത്തി കൃഷ്ണനോട് സംസാരിച്ചെങ്കിലും കൂലി വർധിപ്പിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. ഇതിന്റെ വൈരാഗ്യത്തിൽ വിനോദ് ഒന്നരലക്ഷം രൂപയ്ക്ക് കൃഷ്ണനെ വധിക്കാൻ ക്വട്ടേഷൻ നൽകുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കട ആക്രമിച്ച സംഭവത്തിൽ വിനോദിന്റെ ഭാര്യയുടെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.