തൃശൂർ: തേക്കിൻകാട് മൈതാനിയിൽ നടന്ന സ്വാതന്ത്ര്യദിന പരേഡ് കാണാനെത്തിയ കാൽനട യാത്രക്കാരന്റെ തലയിൽ ചില്ലുപാളി വീണ് പരിക്ക്. തൃശൂർ കുറുപ്പം റോഡിൽ മനോരമ കെട്ടിടത്തിലെ കെ.ആർ. ബിസ്കറ്റ് സ്റ്റോഴ്സിന്റെ മുകൾ നിലയിലെ ചില്ലാണു തകർന്നുവീണത്. പരിക്കേറ്റ ഇരിങ്ങാലക്കുട സ്വദേശി ഗോപാലകൃഷ്ണനെ (54) ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പത്തരയ്ക്കാണു സംഭവം. പരേഡ് കണ്ടു തിരികെ ഫുട്പാത്തിലൂടെ കെ എസ്ആർടിസി സ്റ്റാൻഡിലേക്കു നടക്കുന്പോഴാണു മുകളിൽനിന്ന് ജനൽചില്ല് വീണത്.
ഓടിക്കൂടിയവരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. സ്ഥലത്തെത്തിയ അഗ്നിരക്ഷാ വിഭാഗവരും കോർപറേഷൻ അധികൃതരും ചേർന്നു സമീപ കെട്ടിടങ്ങളുടെ പ്രവർത്തനം നിർത്തിച്ചു. ഈ ഭാഗത്തുള്ള കെട്ടിടങ്ങളിൽ സ്ഥാപിച്ച വലിയ ഗ്ലാസ് ഫ്രെയിമുകൾ അഴിച്ചുമാറ്റാനും നിർദേശം നൽകി.