ടി.പി. സന്തോഷ്കുമാര്‍
തൊടുപുഴ: ഇന്ത്യയിലെ ഏറ്റവും വലിയ കാന്‍ഡി ലിവര്‍ ഗ്ലാസ് ബ്രിഡ്ജ് വാഗമണ്ണില്‍ സഞ്ചാരികള്‍ക്കായി ഒരുങ്ങി. വിനോദ സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവമായി മാറുന്ന ഗ്ലാസ് ബ്രിഡ്ജ് ഓണത്തോടനുബന്ധിച്ച് തുറന്നു നല്‍കാനാണ് തീരുമാനം.
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സ്വകാര്യ പങ്കാളിത്തത്തോടെയാണ് വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഗ്ലാസ് ബ്രിഡ്ജ് സ്ഥാപിച്ചിരിക്കുന്നത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസായിരിക്കും ബ്രിഡ്ജ് സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കുക.
ഇതോടെ വിദേശ രാജ്യങ്ങളിലും മറ്റുമുള്ള കാന്‍ഡി ലിവര്‍ ഗ്ലാസ് ബ്രിഡ്ജില്‍ നിന്നുള്ള സാഹസിക കാഴ്ചകള്‍ ഇനി കേരളത്തിലും ആസ്വദിക്കാനാകും.
മൂന്നു കോടി മുതല്‍മുടക്കിലാണ് ഗ്ലാസ് ബ്രിഡ്ജ് നിര്‍മിക്കുന്നത്. ഇതുള്‍പ്പെടെ ആറുകോടിയുടെ വിവിധ സാഹസിക റൈഡുകളാണ് അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഒരുങ്ങുന്നത് ആകാശ ഊഞ്ഞാല്, സ്കൈ സൈക്ലിംഗ്, സ്കൈ റോളര്‍, റോക്കറ്റ് ഇജക്ടര്‍ എന്നിവയും ഉടന്‍ സജ്ജമാകും.
സ്വകാര്യ കമ്പനിയായ ഭാരത് മാത് വെഞ്ചേഴ്സിന്റെ മുതല്‍മുടക്കില്‍ തയാറാകുന്ന പദ്ധതിയില്‍നിന്നുള്ള വരുമാനത്തിന്റെ 30 ശതമാനം ഡിടിപിസിയ്ക്കു ലഭിക്കും.
വാഗമണ്‍ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാന്‍ഡി ലിവര്‍ ഗ്ലാസ് ബ്രിഡ്ജ് ഉള്‍പ്പെടെയുള്ള അഡ്വഞ്ചര്‍ ടൂറിസം പദ്ധതികള്‍ ഒരുക്കുന്നതെന്ന് ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് പറഞ്ഞു.
സമുദ്ര നിരപ്പില്‍ നിന്നും 3500 അടി ഉയരത്തില്‍ ഒരു വശത്തു മാത്രം ഉറപ്പിച്ചിരിക്കുന്ന ചില്ലുപാലമാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. 120 അടി നീളമാണ് പാലത്തിനുള്ളത്.
ജര്‍മനിയില്‍ നിന്നെത്തിച്ച ഗ്ലാസാണ് നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്നത്. 35 ടണ്‍ സ്റ്റീലും ഉപയോഗിച്ചു. പാലത്തിൽ കയറാൻ ഒരാൾക്ക് 500 രൂപയാണ് നിലവിൽ ചാർജ് നിശ്ചയിച്ചിരിക്കുന്നത്.